പത്തനംതിട്ട ജില്ലാ എസ്.പി ഓഫീസിന് തൊട്ടടുത്തുളള പ്രദേശത്ത് യുവാക്കളുടെ രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞ് ക്രൂരമായി ഏറ്റുമുട്ടി. കുലശേഖരപ്പേട്ടയിലെ, കൊന്നമൂട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള നാൽപ്പതോളം വരുന്ന യുവാക്കളാണ് നഗരമധ്യത്തിൽ പരസ്യമായി അക്രമം അഴിച്ചുവിട്ടത്. പൊലീസ് എത്തി ഇവരെ ആദ്യഘട്ടത്തിൽ വിരട്ടിയോടിച്ചെങ്കിലും കൂടുതൽ ആളുകളെ വിളിച്ചുവരുത്തി വീണ്ടും സംഘർഷം തുടരുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണോ ഇതെന്ന് പൊലീസിന് ശക്തമായ സംശയമുണ്ട്.
ഇന്ന് വൈകിട്ട് എട്ടേകാലോടെയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. ആദ്യഘട്ടത്തിൽ കുലുശേഖരപ്പേട്ട, കൊന്നമൂട് ഭാഗങ്ങളിൽ നിന്നുള്ള പത്തോളം യുവാക്കളാണ് അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് പത്തനംതിട്ട എസ്.പി ഓഫീസിന് സമീപം വാക്കേറ്റത്തിലേർപ്പെട്ടത്.
ഏറെ നേരം നീണ്ട തർക്കം പിന്നീട് വലിയ കൈയാങ്കളിയായി മാറി. ഇതിനിടയിൽ ഒരു പൊലീസ് വാഹനം എത്തി ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ താൽക്കാലികമായി സംഘം മാറിനിന്നു. എന്നാൽ മർദ്ദനമേറ്റവരും സംഘർഷം തുടങ്ങിയവരും മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ ഫോൺ ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഒഴിഞ്ഞുപോയവർ പിന്നീട് വൻ സന്നാഹത്തോടെയാണ് തിരിച്ചെത്തിയത്. കുലശേഖരപ്പേട്ടയില്‍ നിന്ന് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ നിന്ന് ഏതാണ്ട് നാൽപ്പതോളം യുവാക്കൾ സംഘടിച്ച് വീണ്ടുമെത്തുകയും നഗരമധ്യത്തിൽ വല്ലാത്ത രീതിയിലുള്ള പരസ്പര ആക്രമണം തുടരുകയും ചെയ്തു.