pooram-elephants

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്കിടയിൽ ധാരണ. ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി വ്യാഴാഴ്ച വരെ ദുഃഖാചരണം നടത്താനും വെള്ളിയാഴ്ച മുതൽ പൂരച്ചടങ്ങുകൾ പതിവുപോലെ തുടരാനുമാണ് ഇരുവിഭാഗങ്ങളും ആലോചിക്കുന്നത്.

മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് ഒഴിവാക്കുമെങ്കിലും പൂരത്തിന്റെ ആചാരപരമായ എഴുന്നള്ളിപ്പുകളും മേളങ്ങളും മുടക്കമില്ലാതെ നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിലെയും പൊതുവികാരം. 2006-ൽ പൂരത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായപ്പോഴും ആചാരങ്ങൾ മുടക്കാതെ പൂരം നടത്തിയ ചരിത്രം ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കുടമാറ്റം, മേളം തുടങ്ങിയവയിൽ മാറ്റമുണ്ടാകില്ല. വെടിക്കെട്ട് ഒഴിവാക്കിക്കൊണ്ട് പൂരം എങ്ങനെ നടത്താമെന്ന കാര്യത്തിൽ ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് നാളെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും.

പൊതുജനവികാരവും ആചാരങ്ങളും ഒരുപോലെ പരിഗണിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിന്റെയും തീരുമാനം. "ഇത്രയേറെ പേർ മരിക്കുമ്പോൾ വലിയൊരു പൊതുജനവികാരമുണ്ട്. അതിനൊപ്പം തന്നെ ആചാരങ്ങൾ മുടങ്ങാതെ ബാലൻസ്ഡ് ആയ ഒരു സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കും," പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.

പൂരം നടത്തിപ്പിൽ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാളെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്കും ഘടകക്ഷേത്ര ഭാരവാഹികൾക്കുമൊപ്പം മന്ത്രി നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും.   

ENGLISH SUMMARY:

Thrissur Pooram may forgo fireworks this year due to a tragic accident at a fireworks storage, focusing instead on traditional rituals. The Kerala government has called an urgent meeting to discuss the festival's future, considering the public sentiment and the gravity of the incident.