തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ് നടത്തുക. ആഘോഷവും ആഡംബരവും ഉണ്ടാകില്ല. നിരോധിതമായി ഒരു വസ്തുവും വെടിക്കെട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍. ദേവസ്വത്തിലെ ചിലരും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
ദേശക്കാർ, പാറമേക്കാവ് വിഭാഗം, ദേവസ്വം മന്ത്രി, മറ്റ് ഭരണകൂട പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. നിലവിൽ എക്സ്പ്ലോസീവ്, ഫോറൻസിക് വിഭാഗങ്ങളുടെ പരിശോധനകൾ നടക്കുന്നുണ്ട്. ഇതിന് യാതൊരു തടസ്സവും നിൽക്കില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി.
ഇരുപത് വർഷത്തിലധികമായി വെടിക്കെട്ട് കരാർ എടുക്കുന്ന കുടുംബമാണ് ഇത്തവണയും ചുമതല വഹിച്ചത്. ഇവർക്ക് മറ്റ് സ്ഥലങ്ങളിലും കരാറുകൾ ഉണ്ടാകാം. ദേവസ്വത്തിന് അനുവദിച്ചിട്ടുള്ള രണ്ടായിരം കിലോ വെടിക്കെട്ട് സാമഗ്രികൾ മാത്രമാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. നിരോധിത വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. അപകടത്തിൽ ദേവസ്വത്തിലെ നാലോ അഞ്ചോ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാ പരിശോധനകളും പൂർത്തിയാക്കി, ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താകും പൂരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയെന്നും ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു.
വെടിക്കെട്ട് നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ജി രാജേഷ് പറഞ്ഞു.