പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ നിലപാട് മാറ്റി വീണ്ടും കടുത്ത മാധ്യമ നിയന്ത്രണങ്ങളിലേക്ക്. സെക്രട്ടറിയേറ്റിൽ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറവിലാണ് മാധ്യമപ്രവർത്തകർക്ക് നേരെയും പുതിയ വിലക്കുകൾ കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ സർക്കാർ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പോലും മുൻകൂട്ടി അനുമതിയില്ലാതെ സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
മാധ്യമപ്രവർത്തകർ എത്തിയാൽ സുരക്ഷാ ജീവനക്കാർ അവരെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള റൂമിലേക്ക് മാറ്റും. അവിടെ വെച്ച് ഏത് വകുപ്പിലെ ഉദ്യോഗസ്ഥരെയാണോ കാണേണ്ടത്, അവരുടെ കൃത്യമായ അനുമതി ലഭിച്ചാൽ മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കൂ.
വകുപ്പിൽ നിന്ന് ആരാണ് വിളിച്ചതെന്നും ആർക്കാണ് പ്രവേശന അനുമതി നൽകിയിട്ടുള്ളതെന്നും പ്രത്യേക രജിസ്റ്ററിൽ എഴുതി വെച്ചതിന് ശേഷം മാത്രമേ മാധ്യമപ്രവർത്തകർക്ക് സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ സാധിക്കൂ.
മാധ്യമപ്രവർത്തകർ സ്വതന്ത്രമായി സെക്രട്ടറിയേറ്റിനകത്ത് കയറി ഉദ്യോഗസ്ഥരുമായി സംസാരിച്ച് സർക്കാരിന് വീഴ്ചകൾ വരുത്തുന്ന രേഖകളോ വിവരങ്ങളോ കണ്ടെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാധ്യമവിലക്ക്. പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമങ്ങൾക്കൊപ്പമാണെന്ന് പ്രസംഗിച്ചവർ ഭരണത്തിലേറിയപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വഴി അടയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.