shigella-outbreak-sulthan-bathery

സുൽത്താൻ ബത്തേരിയിലെ സ്കൂൾ കുട്ടികൾക്ക് ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ 21 വിദ്യാർത്ഥികൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമാന ലക്ഷണങ്ങളുള്ള 4 പേർ കൂടി നിലവിൽ നിരീക്ഷണത്തിലാണ്.

രോഗവ്യാപന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉച്ചയോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തും.  കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് എണ്ണൂറിലധികം കുട്ടികൾ പഠിക്കുന്ന മാർ ബസേലിയോസ് സ്കൂളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

വ്യാഴാഴ്ച സ്കൂളിലെ ഏതാനും കുട്ടികൾക്ക് പനി, ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. വെള്ളി, ശനി, ഞായർ ദിവസങ്ങളായപ്പോഴേക്കും ആകെ 339 കുട്ടികൾക്ക് സമാന ലക്ഷണങ്ങൾ പ്രകടമായി. നിലവിൽ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി 60 വിദ്യാർത്ഥികളാണ് ചികിത്സയിൽ കഴിയുന്നത്. ബാക്കിയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിൽ നിരീക്ഷണത്തിലാണ്.

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ആദ്യമേ തന്നെ ബാക്ടീരിയൽ അണുബാധയ്ക്കുള്ള (Bacterial Infection) സാധ്യത പറഞ്ഞിരുന്നു. ഇന്നലെ ലഭിച്ച രക്തസാമ്പിൾ പരിശോധനാ ഫലത്തിലാണ് 21 പേർക്ക് ഷിഗെല്ലയെന്ന് അന്തിമ സ്ഥിരീകരണമുണ്ടായത്. ഉച്ചയ്ക്ക് ആശുപത്രിയിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരൻ ഡോക്ടർമാരുമായും രോഗബാധിതരായ കുട്ടികളുടെ കുടുംബാംഗങ്ങളുമായും സംസാരിക്കും.

രോഗബാധിതരായ വിദ്യാർത്ഥികളുടെ വീടുകളിലെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ആരോഗ്യപ്രവർത്തകർ അടിയന്തരമായി ക്ലോറിനേഷൻ നടത്തിവരുന്നു.

ENGLISH SUMMARY:

Shigella outbreak has been confirmed among school children in Sulthan Bathery, prompting a heightened alert from the health department in the district. The health minister is scheduled to visit the affected area to assess the situation.