കോഴിക്കോട് പള്ളിപ്പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ നിരവധി സംശയങ്ങളും ദുരൂഹതകളും ഉയരുന്നു. ചെറൂട്ടി കോണ്‍വെന്റ് റോഡിലെ പള്ളിമുറ്റത്തായിരുന്നു സംഭവം. തീർഥാടക സംഘത്തിന്റെ ഭാഗമായി കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് ശിശുവിനെ പ്രസവിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ (25) എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ആറുമാസം ഗര്‍ഭിണിയായ ഫ്രാങ്കോയെ തീര്‍ഥാടകസംഘം ഒപ്പം കൊണ്ടുപോകുന്നില്ലെന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധപൂര്‍വം വരുകയായിരുന്നുവെന്നാണ് സഹയാത്രികര്‍ പറയുന്നത്.13 ടൂറിസ്റ്റ് ബസുകളിലാണ് പാലക്കാട് നിന്നുളള തീർഥാടക സംഘം കോഴിക്കോട് എത്തിയത്. പളളിയുടെ പിന്നിലെ സ്ഥലത്ത് പ്രസവിച്ചെന്നാണു ഫ്രാങ്കോ നൽകിയ മൊഴി. എന്നാല്‍ ഭര്‍ത്താവിനോടോ തീര്‍ഥാടക സംഘത്തിലെ മറ്റുള്ളവരോടോ പറയാതിരുന്നതെന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.
മാത്രമല്ല പള്ളിയുടെ പരിസരത്തു വച്ച് വേദന ഉണ്ടാകുകയും പ്രസവിക്കുകയും ചെയ്ത ഫ്രാങ്കോ ഇക്കാര്യം തീർഥാടക സംഘത്തിലെ മറ്റുള്ളവർ അറിഞ്ഞാൽ കുഴപ്പമാകുമെന്നു കരുതി, മരിച്ചനിലയിൽ കണ്ട കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്. ഫ്രാങ്കോയുടെ ഭർത്താവും ഒന്നരവയസ്സുള്ള മകളും ഭർത്താവിന്റെ മാതാവും അമ്മൂമ്മയും തീർഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അവരോടും കാര്യങ്ങളൊന്നും തുറന്നുപറഞ്ഞിരുന്നില്ല. പ്രസവശേഷം നേരെ ടൂറിസ്റ്റ് ബസിൽ കയറി ഇരുന്ന ഫ്രാങ്കോയെ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പാലക്കാട് നിന്നെത്തിയ തീർഥാടക സംഘത്തിലെ തന്നെ ഒരു യുവാവാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ പളളിയുടെ പരിസരത്ത് മൃതദേഹം കണ്ടത്. പള്ളി വികാരിയെ ഇക്കാര്യം അറിയിച്ചതോടെ ഉടൻ തന്നെ പള്ളി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പൊക്കിൾക്കൊടി അറുത്ത നിലയിലായിരുന്നു ശിശുവിന്റെ മൃതദേഹം. ക്ഷീണിതയായി കണ്ട യുവതിയെ കോട്ടപ്പുറം ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും. സമീപത്ത് ആശുപത്രികൾ ഉണ്ടായിട്ടും യുവതി ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും ബന്ധുക്കളെയും അറിയിക്കാതെ പ്രസവിച്ചതിലാണു ദുരൂഹത. യുവതിയെയും കുടുംബാംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇതിൽ വ്യക്തത വരുമെന്നാണു പ്രതീക്ഷ. ടൗൺ പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് ടൗൺ പൊലീസ് അന്വേഷണം നടത്തുന്നത്. ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.