പ്രായത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ മുറുകുന്നതിനിടെ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി കേരള പൊലീസില്‍ സംരക്ഷണം തേടി. അടുത്തയിടെ തിരുവനന്തപുരത്ത് നടത്തിയ വിവാഹത്തിന് നിയമ സാധുതയില്ലെന്നും പ്രായപൂര്‍ത്തി ആയിട്ടില്ല എന്നുമുള്ള വിവാദങ്ങള്‍ക്കിടയിലാണ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിയെയും കമ്മിഷണറെയും സമീപിച്ചത്. അതിനിടെ പെണ്‍കുട്ടിയോടൊപ്പമുള്ള ഫര്‍മാന്‍ ഖാന്‍റെ സുഹൃത്തിനെ തേടി മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തി. തൃക്കാക്കരയിലാണ് പൊലീസ് ഇവരെത്തേടിയെത്തിയത്.
പെണ്‍കുട്ടിയുടെ വിവാഹം കേരളത്തില്‍ വച്ച് നടത്തിയത് പ്രായപൂര്‍ത്തിയാകാതെയാണ് എന്നാരോപിച്ച് മധ്യപ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ നേരത്തെ തടഞ്ഞിരുന്നു. മലയാളം സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ പ്രണയത്തിലായി മാർച്ച് 11ന് കേരളത്തിൽ വച്ച് വിവാഹിതരായെന്നു ചൂണ്ടിക്കാട്ടിയുള്ള മുൻകൂർ ജാമ്യ ഹർജിയിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഈ ഉത്തരവിട്ടത്.
പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്ന് കേരള പൊലീസ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡിന്‍റെ അടിസ്ഥാനത്തിലാണ് 18 വയസ്സായതെന്നു സ്ഥിരീകരിച്ചതെന്നും ആധാറുമായി ബന്ധപ്പെട്ട വെബ്സൈറ്റ് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.