80 ലക്ഷം രൂപ മോചനദ്രവ്യം നൽകി സൗദി ജയിലിൽ നിന്നും പുറത്തിറങ്ങിയയാൾ എംഡിഎംഎ കേസിൽ അറസ്റ്റിൽ. കണ്ണൂർ കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീനാണ് ഇരിട്ടി പോലീസിന്റെ പിടിയിലായത്. തട്ടുകടയുടെ മറവിലായിരുന്നു ലഹരിക്കച്ചവടം.
2006 ൽ നടന്ന കൊലപാതക കേസിലാണ് ഫസലുദീൻ സൗദി ജയിലിലാകുന്നത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 80. ലക്ഷം രൂപ സമാഹരിച്ചു മോചനദ്രവ്യമായി നൽകി. 10 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി. വീണ്ടും നിയമവിരുദ്ധ പ്രവർത്തനം തുടർന്നു. ബാംഗളുരുവിൽ നിന്നും കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരാനാണ് ഫസലുദ്ധീൻ എന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വന്ന ബസ്സിലെ ഡ്രൈവറെ എം ഡി എം എയുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഫസലുദ്ധീൻ നടത്തുന്ന ഇടപാടുകളെ ക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇരിട്ടിയിൽ തട്ടുകടയുടെ മറവിലായിരുന്നു ലഹരിമരുന്ന് കച്ചവടം. ബാംഗ്ലൂരുവിൽ 50 കിലോ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്.