തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി ആഭ്യന്തര വകുപ്പ്. പ്രത്യേകസംഘം റിപ്പോര്‍ട്ട് നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും എ.ഡി.ജി.പി തുടര്‍നടപടി സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പ് കണക്കിലെടുത്തുള്ള സര്‍ക്കാര്‍ നിര്‍ദേശം മൂലമാണ് അന്വേഷണ റിപ്പോര്‍ട്ട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. ഇതോടെ കലങ്ങിയ പൂരം കഴിഞ്ഞ് രണ്ടാം പൂരം എത്തുമ്പോളും പൂരം കലക്കലിന് പിന്നിലെന്തെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കുന്ന 2024 ഏപ്രിലിലാണ് ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത്. രാഷ്ട്രീയവിവാദമായതോടെ മുഖ്യമന്ത്രി ഉടനടി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും കഴിഞ്ഞു. 2026ലെ പൂരമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. അപ്പോഴും ഉടനടി എന്ന് മുഖ്യമന്ത്രി പറഞ്ഞ അന്വേഷണം മാത്രം പൂര്‍ത്തിയായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകാത്തത് അല്ല. പൂര്‍ത്തിയായ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതാണ്. മാസങ്ങള്‍ വൈകിയെങ്കില്‍ പോലും പൂരം കലക്കലിലെ ഗൂഡാലോചന അന്വേഷിച്ച പ്രത്യേകസംഘം ഫെബ്രൂവരി 8ന് അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന് കൈമാറിയിരുന്നു.
ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്ക് വീഴ്ചയില്ലെന്ന് ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തെ സംശയനിഴലിലാക്കുകയാണ്. തിരുവമ്പാടി ദേവസ്വത്തിലെ ചിലരുടെ രാഷ്ട്രീയ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കണോയെന്നതിലടക്കം തീരുമാനമെടുക്കേണ്ടത് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എ.ഡി.ജി.പി എച്ച്. വെങ്കിടേഷാണ്. എന്നാല്‍ രണ്ട് മാസത്തിലേറെയായി അദേഹം തീരുമാനമെടുക്കുകയോ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് പിന്നില്‍ എന്നാണ് ഉയരുന്ന ആക്ഷേപം.