കോന്നി മണ്ഡലത്തിലെ കൊച്ചുപമ്പ ബൂത്തിൽ നിന്നു വോട്ട് പെട്ടികളുമായി മടങ്ങിയ ഉദ്യോഗസ്ഥ സംഘം കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടു. രാത്രി 7 മണിയോടെ ഗവി പാതയിലാണ് കുടുങ്ങിയത്. മൂന്ന് ചെറിയ വാഹനങ്ങളിലും ഒരു ട്രാവലറിലുമായി ഉണ്ടായിരുന്ന പൊലീസ് ഉൾപ്പെടെയുള്ള 15 അംഗ സംഘമാണ് ആനയ്ക്ക് മുന്നിൽപ്പെട്ടത്.
മുക്കാൽ മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ആന പീന്നീട് കാട്ടിലേക്ക് മാറിയതോടെയാണ് യാത്ര തുടരാനായത്. വന്യമൃഗ ശല്യം ഭയന്നാണ് കക്കി- മൂഴിയാർ പാത ഒഴിവാക്കി സംഘം ഗവി വഴി യാത്ര തിരിച്ചത്. എന്നാൽ യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.
മുൻകാലങ്ങളിൽ വനംവകുപ്പിന്റെ സുരക്ഷാ സംഘം കൂടെയുണ്ടാകാറുണ്ടായിരുന്നെങ്കിലും ഇത്തവണ പൊലീസ് മാത്രമാണ് സംഘത്തിനൊപ്പം ഉണ്ടായിരുന്നത്. ആന പിൻമാറിയതോടെ സംഘം യാത്ര തുടര്‍ന്നു. ഒടുവില്‍ സുരക്ഷിതമായി മലയാലപ്പുഴയിലെ സ്ട്രോങ്ങ് റൂമിലെത്തുകയും ചെയ്തു.