രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രിയുടെ ഡാഷ് മോന്‍ പ്രയോഗത്തില്‍ ന്യായീകരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. മുഖ്യമന്ത്രി ഉദ്ദേശിച്ചത് പൊന്നുമോനെയെന്നാകാമെന്നും, പിണറായി വിജയന്‍ പറഞ്ഞത് അസഭ്യമല്ലെന്നും ഇപി പറഞ്ഞു. രേവന്ത് മുഖ്യമന്ത്രി എന്ന നിലവാരം സൂക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

അതേസമയം, ഡാഷ് മോൻ പ്രയോഗം മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് കെ. മുരളീധരന്‍ ആരോപിച്ചു. പ്രയോഗം വെറും ചീപ്പാണ്. മറുപടി പറയാൻ മുഖ്യമന്ത്രിക്ക് പി.ആർ.കാരുടെ സഹായം തേടാമായിരുന്നെന്നും ഡാഷ് ഇടാതെ അടിക്കാവുന്ന വേറെ ഡയലോഗ് കിട്ടുമായിരുന്നെന്നും മുരളീധരന്‍ പരിഹസിച്ചു. സ്വർണക്കൊള്ള ഉൾപ്പെടെ കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒരു സിനിമാ ഡയലോഗാണ് പറഞ്ഞതെന്നും എന്നാൽ പിണറായി വിജയൻ മറുപടി നൽകിയത് ആ പദവിക്ക് നിരക്കാത്ത രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാഷ് മോനേ രേവന്താ പ്രയോഗത്തിന് ശേഷം ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത് പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ വ്യക്തി അധിക്ഷേപങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. 

വികസനം കാണാന്‍ തെലുങ്കാനയിലേക്ക് വരാന്‍ രേവന്ത് റെഡി ക്ഷണിച്ചതു മുതലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തര്‍ക്കം ആരംഭിക്കുന്നത്. നീ പോ മോനേ വിജയാ എന്ന് സിനിമാ ഡയലോഗ് കടമെടുത്ത് രേവന്ത് റെഡി നേമം മണ്ഡലത്തിലെ പ്രചരണത്തിനിടെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനാണ് മുഖ്യമന്ത്രി ഡാഷ് മോന്‍ എന്ന് തിരികെ പ്രയോഗിച്ചതും അത് വിവാദമായതും.

ENGLISH SUMMARY:

Pinarayi Vijayan's controversial 'Dash Mon' remark against Revanth Reddy has been defended by CPM leader EP Jayarajan. Jayarajan suggested that the Chief Minister might have meant 'Ponmōne' and that Pinarayi Vijayan's statement was not abusive, adding that Revanth Reddy did not maintain the standard of a Chief Minister.