കഴക്കൂട്ടത്തെ പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ ശബരിമല സ്വര്‍ണക്കൊള്ള വിധി നിര്‍ണായക ഘടകമായി മാറുന്നു. സ്വര്‍ണക്കൊള്ളയില്‍ നിരപരാധിത്വം വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രനും. സ്വര്‍ണക്കൊള്ളയുടെ കേന്ദ്രബിന്ദു കടകംപള്ളിയെന്ന് ആരോപിച്ച് വി. മുരളീധരനും ഇഞ്ചോടിഞ്ച് പോരടിക്കുകയാണ്. എന്നാല്‍ സി.പി.എം–ബി.ജെ.പി ഡീലെന്ന ആക്ഷേപത്തിലൂന്നിയാണ് ശരത് ചന്ദ്ര പ്രസാദ് മുന്നേറാന്‍ ശ്രമിക്കുന്നത്.
തിരുവനന്തപുരത്തെ നഗരമണ്ഡലങ്ങളില്‍ സി.പി.എമ്മിന് ഏറ്റവും സംഘടനാ കരുത്തുള്ളത് കഴക്കൂട്ടത്താണ്. അതിനൊപ്പം വോട്ടര്‍മാരുമായുള്ള കടകംപള്ളി സുരേന്ദ്രന്‍റെ അടുപ്പം കൂടിയാകുമ്പോള്‍ പ്രചാരണത്തില്‍ മുന്നില്‍ തന്നെ. വികസനം പറഞ്ഞ് ഹാട്രിക് തേടുന്ന കടകംപള്ളിയുടെ മുന്നില്‍ മുന്‍പൊരിക്കലുമില്ലാത്ത വെല്ലുവിളി സ്വര്‍ണക്കൊള്ളയാണ്. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന ശൈലിയില്‍ സ്വര്‍ണക്കൊള്ള സ്വയം പ്രസംഗിച്ച് തന്‍റെ നിരപരാധിത്വം വോട്ടര്‍മാരോട് പറയുകയാണ് കടകംപള്ളി.
2016ല്‍ മുരളീധരന്‍ വിത്തും വളവുമിട്ടതാണ് ഇവിടത്തെ ബി.ജെ.പിയുടെ വോട്ടുവളര്‍ച്ച. പത്ത് വര്‍ഷത്തിന് ശേഷം അതിന്‍റെ ഫലം കൊയ്യാനിറങ്ങുന്ന മുരളീധരന് പിന്നില്‍ സംഘടന ഒറ്റക്കെട്ടാണ്. കുടുംബയോഗങ്ങള്‍ വിളിച്ച് വീടുവീടാന്തിരം സ്വര്‍ണക്കൊള്ള പറയുന്നു. ഇതിനൊപ്പം ഭരണവിരുദ്ധ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകാതെ താമരയിലേക്ക് വരുത്തുകയാണ് ലക്ഷ്യം.
സ്വപ്നം കണ്ട തിരുവനന്തപുരം വിട്ട് കഴക്കൂട്ടത്ത് എത്തേണ്ടിവന്നതും പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും ശരത് ചന്ദ്ര പ്രസാദിന്‍റെ പ്രചാരണത്തില്‍ പ്രകടം. എങ്കിലും സ്വര്‍ണക്കൊള്ളയ്ക്കൊപ്പം സി.പി.എം–ബി.ജെ.പി ഡീലും ഉയര്‍ത്തിയാല്‍ സര്‍ക്കാര്‍ വിരുദ്ധ–ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കൈപ്പത്തിലിയേക്കൊഴുകുമെന്നാണ് പ്രതീക്ഷ..
മൂന്ന് മുന്നണികളുടെയും പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് വോട്ടുകള്‍ കഴക്കൂട്ടത്ത് നിര്‍ണായകമാണ്. രണ്ട് തവണയും കടകംപള്ളിക്കൊപ്പം നിന്ന ഈ വോട്ടുകള്‍ ഇത്തവണയും ഉറച്ച് നില്‍ക്കുമോ സ്വര്‍ണക്കൊള്ളയില്‍ തട്ടി ഭിന്നിക്കുമോയെന്നതിലാണ് കഴക്കൂട്ടത്തെ വിധി.