പി.എസ്. പ്രശാന്തിന്‍റെ കാലത്തെ സ്വര്‍ണം പൂശലിന്‍റെ മറവിലും ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നെന്ന് എസ്.ഐ.ടി. ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠത്തിലെ സ്വര്‍ണമാണ് അപഹരിച്ചതെന്നും റിമാന്‍‍ഡ് റിപ്പോര്‍ട്ട്. ഇതിനായുള്ള ഗൂഡാലോചനയില്‍ പി.എസ്. പ്രശാന്ത് നേരിട്ട് പങ്കാളിയായെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡ് അംഗങ്ങളടക്കം കൂടുതല്‍ പേരുടെ പങ്കിലേക്കും അന്വേഷണം തുടങ്ങി.

രാഷ്ട്രീയ പ്രേരിതമെന്ന പി.എസ് പ്രശാന്തിന്‍റെ വാദം പൂര്‍ണമായി തള്ളുകയാണ് എസ്.ഐ.ടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. 2019ലെ സ്വര്‍ണക്കൊള്ള മറയ്ക്കാനായി ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, പങ്കജ് ഭണ്ഡാരി എന്നിവര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് 2025ലെ സ്വര്‍ണം പൂശല്‍. ഇതിനുള്ള ഗൂഡാലോചനയില്‍ പി.എസ് പ്രശാന്ത് നേരിട്ടും അല്ലാതെയും പങ്കാളിയായി. അതിന്‍റെ ഫലമായി സ്വര്‍ണപ്പാളികള്‍ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ പി.എസ്. പ്രശാന്ത് വേഗത്തില്‍ നടപടികള്‍ നീക്കി.

ശബരിമലയില്‍ വെച്ച് കരാര്‍ എഴുതി വേണം പാളികള്‍ കൊടുത്തുവിടാന്‍. അതില്ലാതെ, ചെന്നൈയിലെത്തിയ ശേഷമാണ് കരാര്‍ തയാറാക്കിയത്. അതിനാല്‍ അത് വ്യാജകരാറാണെന്നും എസ്.ഐ.ടി പറയുന്നു. 

ഇത്തരത്തില്‍ പാളികള്‍ കൊണ്ടുപോയ ശേഷം താങ്ങുപീഠത്തില്‍ നിന്നും പ്രതികള്‍ സ്വര്‍ണം അപഹരിച്ചെടുത്തു. ഇതോടെ വീണ്ടും പ്രതികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടായെന്നും ഇതിനായി പ്രശാന്തിന്‍റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡ് ഒത്താശ ചെയ്തെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്നലെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റിയ പ്രശാന്തിനെ കസ്റ്റഡിയില്‍ വാങ്ങാനായി എസ്.ഐ.ടി തിങ്കളാഴ്ച അപേക്ഷ നല്‍കും.

ENGLISH SUMMARY: