യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു...സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഈസ്റ്റർ ദിന തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഗൾഫ് മേഖല യുദ്ധത്തിന്റെ മുനമ്പാകാനുള്ള മൂലകാരണം ആരാണ് വലുതെന്നുള്ള ചോദ്യത്തിന്റെ മറുപടി കിട്ടാത്തതാണെന്ന് ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇന്ന് മനുഷ്യൻ പരക്കം പായുന്നതും, വെപ്രാളപ്പെടുന്നതും സമാധാനം ഇല്ലാത്തതിനാലാണെന്നും റാഫേൽ തട്ടിൽ പറഞ്ഞു...

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പ്രാർഥനാച്ചടങ്ങുകളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോ ഈസ്റ്റർ സന്ദേശം നൽകി. യുദ്ധഭീതിയിൽ നിന്നും അതിവേഗം ലോകം മുക്തി നേടാൻ പ്രാർഥിക്കണമെന്നും ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള മലയാളി സഹോദരങ്ങൾ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂർ സെന്റ്  തോമസ് പള്ളിയിൽ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഈസ്റ്റർ സന്ദേശം നൽകി.നിയമസഭാ തിരഞ്ഞെടുപ്പിൽ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് വിശ്വാസികളെ ഓർമപ്പെടുത്തി കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ. ഫലപ്രദമായി വോട്ട് ചെയ്യണം. ഒരാളും വോട്ട് പാഴാക്കരുത്. 

രാജ്യത്ത് പുതിയ നിയമങ്ങളൊക്കെ വരുന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ. ഈ നിയമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന പല കാര്യങ്ങളും പുറത്ത് വരുന്നുണ്ട്. സഭയുടെ നേതൃത്വത്തിൽ ക്രൈസ്തവരല്ലാത്തവർക്ക് വേണ്ടിയും സ്‌നേഹ ഭവനം നന്നായി നടത്തിക്കൊണ്ടു പോകുന്ന കാര്യം സകലർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മലങ്കര കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ പട്ടം സെൻ്റ് മേരീസ് കതീഡ്രലിൽ സംഘടിപ്പിച്ച ഈസ്റ്റർ പ്രാര്‍ഥനാച്ചടങ്ങില്‍ സന്ദേശം നൽകുകയായിരുന്നു കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ. 

എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുകർമ്മങ്ങൾക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ പാതിര കുർബാനയിൽ പങ്കെടുത്തു. ഹൈക്കോടതി വിധി ഉണ്ടായിട്ടും പൂർവികരുടെ കല്ലറകളിൽ പ്രാർഥിക്കാൻ സാധിക്കാതിരുന്നത് നീതി നിഷേധമെന്ന് യാക്കോബോയ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ ഈസ്റ്റർ ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.

ഈസ്റ്റർ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്കിറക്കുകയും ചെയ്യുന്നുവെന്ന് പോപ്പ് ലിയോ പതിനാലാമന്‍. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ജാഗരണ ദിവ്യബലിയിൽ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഈസ്റ്റര്‍  ആയിരുന്നു ഇത്. വിഭജിക്കുകയും കൊല്ലുകയും ചെയ്യുന്ന പാപത്തിന്റെ കാഠിന്യത്തോട്  ദൈവം സ്നേഹത്തിന്റെ ശക്തി ഉപയോഗിച്ച് പ്രതികരിക്കുന്നുവെന്നും അത് ജീവനെ ഒന്നിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്നും പോപ്പ് പറഞ്ഞു.

യുദ്ധം ഉൾപ്പെടെയുള്ള മനുഷ്യരാശിയുടെ തിന്മകളെ മറികടക്കാനും പരിവർത്തനം ചെയ്യാനും കഴിയുന്ന സ്നേഹപ്രവൃത്തിയായി യേശുവിന്റെ മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിനെ അദ്ദേഹം പ്രതിഫലിപ്പിച്ചു. ലോകമെമ്പാടും സമാധാനം പുലരാനും തഴച്ചുവളരാനും ലിയോ പതിനാലാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു. തന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് അവിശ്വാസം, ഭയം, സ്വാർത്ഥത, നീരസം അതുപോലെ യുദ്ധം, അനീതി, ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഒറ്റപ്പെടൽ തുടങ്ങിയ ശവകുടീരങ്ങൾ ഇന്നും തുറക്കപ്പെടാനുണ്ടെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. അത്തരം വെല്ലുവിളികൾക്ക് മുന്നിൽ സ്തംഭിച്ചുപോകരുതെന്നും പാപ്പാ തന്റെ ശ്രോതാക്കളെ ഉദ്‌ബോധിപ്പിച്ചു.

Easter Celebrations Worldwide: A Message of Hope and Peace:

Easter is a significant Christian festival celebrating the resurrection of Jesus Christ worldwide. Many churches across Kerala held prayer services on Easter, with prominent religious leaders sharing messages of peace and hope.