Untitled design - 1

ശബരിമല സ്വർണ കൊള്ളക്കേസില്‍ കൂടുതൽ പ്രതികളും കോൺഗ്രസുകാരാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. എല്ലാവരെയും ഒരുമിപ്പിച്ചത് ഒരു നേതാവിന്റെ വീട്ടിലാണ്.  സോണിയ ഗാന്ധിക്ക് സ്വർണ കൊള്ളയിൽ നേരിട്ടു പങ്കുള്ളതായി കരുതുന്നില്ല. ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകൾ ഇല്ല. എന്നാൽ പ്രധാന പ്രതികൾ എല്ലാം കണ്ടു മുട്ടിയത് സോണിയുടെ വീട്ടിലാണ്.  പത്‌മകുമാറിന് സ്വർണകൊള്ളയിൽ നേരിട്ട് പങ്കില്ല. തെറ്റ് കണ്ടുപിടിക്കുന്നതിൽ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാർ ചെയ്ത കുറ്റം. 

 

Also Read: എസ്ഡിപിഐ വോട്ട് തള്ളാതെ സിപിഎം; നിലപാടിൽ വ്യക്തതയില്ല


 

എസ്ഡിപിഐയോടു വോട്ട് ചോദിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. വോട്ട് ചെയ്യുന്നത് ഓരോരുത്തരുടെയും അവകാശമാണ്. സ്വഭാവ സർട്ടിഫിക്കറ്റ് നോക്കി വോട്ട് ചെയ്യുന്നവരെ കടത്തിവിടാൻ കഴിയുമോ ? എസ്ഡിപിഐയുമായി ഡീല്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. കാസർകോട് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കാൻ പറഞ്ഞത് യുഡിഎഫാണ്. 

തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സെഞ്ചറി അടിക്കും. തുടര്‍ ഭരണം ഉറപ്പാണ്. പേരാമ്പ്രയിലെ അനൗണ്‍സ്മെന്റില്‍ തെറ്റുപറ്റിയെങ്കിൽ തിരുത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥിയുടെ അറിവോടെ ഒന്നും സംഭവിച്ചിട്ടില്ല. മത ഭാഷാ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിൽക്കുന്നത് ഇടതുപക്ഷമാണ്. മറ്റുള്ളവർ അവരെ വോട്ടുബാങ്കായി കാണുന്നെന്നും ബേബി വിശദീകരിച്ചു. 

 

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിന് നാല് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനം ഹൈവോള്‍ട്ടേജ് പ്രചാരണത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് സ്വന്തം മണ്ഡലമായ ധർമടത്ത്. എല്ലാ ലോക്കൽ കമ്മിറ്റി പരിധികളിലും മുഖ്യമന്ത്രി പര്യടനം നടത്തും. നാളെയും പര്യടനം തുടരും. രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി അവസാനിക്കുന്ന രീതിയിൽ മുഴുവൻ സമയ പ്രചാരണമാണ് ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മുഖ്യമന്ത്രി മണ്ഡലത്തിൽ തുടരും. ആറാം തിയതി നടക്കുന്ന റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും.

 

ബി.ജെ.പി ക്യാംപിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍ എത്തും. തിരുവല്ലയില്‍ പൊതുയോഗത്തിലും തിരുവനന്തപുരത്ത് റോഡ് ഷോയിലുമാണ് ഇന്ന് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. വീണ്ടും താമര വിരിയുമെന്ന് ബി.ജെ.പി സ്വപ്നം കാണുന്ന തിരുവനന്തപുരത്ത് അവസാനവട്ട വോട്ടുകളും ഉറപ്പിക്കുകയെന്നതാണ് ഇന്നത്തെ മോദിയുടെ സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. 

 

ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി അവിടന്ന് ഹെലികോപ്ടര്‍ മാര്‍ഗം വൈകിട്ട് മൂന്നിന് ചങ്ങനാശേരി എന്‍.എസ്.എസ് കോളജിലിറങ്ങും. തുടര്‍ന്ന് ‌ റോഡ് മാർഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍  തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാർഥികള്‍ പങ്കെടുക്കും. 

 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറിലായതോടെ യുഡിഎഫ് ക്യാംപിനെ ആവേശക്കൊടുമുടിയിലെത്തിക്കാന്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നെത്തും. രാവിലെ 10.50ന് മുഹമ്മ കാവുങ്കലില്‍ പൊതുയോഗത്തില്‍ സംസാരിക്കും. പന്ത്രണ്ടരയ്ക്ക് കട്ടപ്പനയില്‍ റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനു വേണ്ടിയും കുന്നത്തുനാട് വി.പി സജീന്ദ്രനുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. 

ENGLISH SUMMARY:

Sonia Gandhi has no direct involvement in the Sabarimala gold smuggling case, according to CPM leader M.A. Baby, though key figures met at her residence. He also clarified the CPM's stance on alliances and minority rights during the Kerala Assembly Election campaign.