cpm

മതരാഷ്ട്രവാദികളുടെയും, വർഗ്ഗീയ ശക്തികളുടേയും വോട്ടുവേണ്ടെന്ന് നിരന്തരം പറയുന്ന സിപിഎമ്മിന്, ഇത്തവണ ആ വോട്ടുകാര്യത്തിൽ കൃത്യമായി മറുപടിയില്ല. മുൻപു ആർജവത്തോടെ നിലപാട് പറയാറുള്ള സിപിഎം ഇപ്പോൾ പങ്കുവെക്കുന്നത് എസ്ഡിപിഐ പിന്തുണച്ചാൽ ഞങ്ങൾ എന്തുചെയ്യും എന്ന നിസഹായതയാണ്. തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിൽ ആയതിനാലാണ് എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാനുള്ള രാഷ്ട്രീയ ആർജവം കാട്ടാത്തത് എന്നാണ് ഇക്കാര്യത്തിൽ ഉയരുന്ന വിമർശനം. 

ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയും പരസ്യപിന്തുണയുമായി വരുമ്പോൾ അത് വേണ്ടെന്നു പറയാനുള്ള രാഷ്ട്രീയ ആർജ്ജവം സിപിഎമ്മിനുണ്ട്. ഇങ്ങനെ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. 2024 നവംബർ 25നു കണ്ണൂരിൽ. പക്ഷേ ഇന്ന് ആ ആർജവം സിപിഎം നേതാക്കൾ ആരും അങ്ങ് പ്രകടിപ്പിക്കുന്നില്ല. പകരം എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ലെന്ന് പറഞ്ഞു ഒഴിയുന്നു. കിട്ടുന്നത് പോരട്ടെ എന്നതാണ് ഇപ്പോഴത്തെ നിലപാട്. ജനറൽ സെക്രട്ടറി എം.എ. ബേബി, എസ്ഡിപിഐ പിന്തുണക്കുന്നതിലെ നിസഹായത പറഞ്ഞു.

മുതിർന്ന നേതാവ് പ്രകാശ് കാരാട്ടും എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറഞ്ഞില്ല. ഇടതുപക്ഷം എക്കാലത്തും വർഗീയ ശക്തികൾക്കും, മത രാഷ്ട്ര വാദികൾക്കും എതിരെന്ന് എം സ്വരാജ്. പ്രത്യയ്യശാസ്ത്ര, സൈദ്ധാന്തിക നിലപാട് ഇങ്ങനെ കടുപ്പിച്ചു പറയുമ്പോഴും എസ്ഡിപിഐ വോട്ട് വേണ്ടെന്ന് തുറന്നു പറയാൻ മടി. അതായത് തിരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ എങ്ങനെയുള്ള കക്ഷിയാണെന്നതിന് സിപിഎംനു ഒരു ഉത്തരമില്ല.

ENGLISH SUMMARY:

CPM is facing criticism for its indecisiveness regarding support from organizations like SDPI. Despite past pronouncements against communal forces, the party now appears hesitant to outright refuse SDPI's backing, citing electoral challenges.