നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം എന്ന് മലയാള മനോരമ സംഘടിപ്പിച്ച ‘ജനഗണമനം’ ചർച്ചയിൽ രാഷ്ട്രീയ വിദഗ്ധർ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. എന്നാൽ ഭരണവിരുദ്ധ വോട്ടുകൾ യുഡിഎഫിലും ബിജെപിയിലും വിഭജിക്കപ്പെടാം. അതിനാൽ 100 സീറ്റ് വരെ ലഭിക്കുന്ന തരത്തിലുള്ള തരംഗത്തിന് സാധ്യതയില്ല. വടക്കൻ, മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം നടത്തും. തെക്കൻ കേരളത്തിൽ സീറ്റുകൾ കുറയുമെങ്കിലും ഇടതിന് തന്നെയായിരിക്കും മേൽക്കൈ എന്നും വിദഗ്ധർ വിലയിരുത്തുന്നു.
72 മുതൽ 80 വരെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്താനുള്ള രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തിലുള്ളതെന്ന് മലയാള മനോരമ സംഘടിപ്പിച്ച ജനഗണമനം ചർച്ചയിൽ കാസർകോട്ടെ കേന്ദ്ര സർവ്വകലാശാല മുൻ വിസി ഡോ. ജി. ഗോപകുമാർ, കേരള സർവകലാശാല മുൻ പ്രോ വിസി ഡോ. ജെ. പ്രഭാഷ്, സിഎസ്ഡിഎസ് ലോക് നീതി തിരഞ്ഞെടുപ്പ് പഠനത്തിന്‍റെ കേരള കോഡിനേറ്റർ കെ.എം. സജാദ് ഇബ്രാഹിം എന്നിവർ വിലയിരുത്തുന്നു. ഭരണ വിരുദ്ധ വികാരം തന്നെയാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാവുക. വിലക്കയറ്റം, തൊഴിലില്ലായ്മ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, ഒപ്പം ആഭ്യന്തര വകുപ്പിനെതിരായ വികാരവുമാണ് ഭരണ വിരുദ്ധ വികാരമായി മാറുന്നത്.
ഭരണ വിരുദ്ധ വോട്ടുകളുടെ ഒരു പങ്ക് ബിജെപിയിലേക്ക് കൂടി പോകും. അത് എൽഡിഎഫിന് ഗുണം ചെയ്യും. അതിനാൽ യുഡിഎഫിന് 100 സീറ്റുകൾ വരെ കിട്ടുന്ന തരത്തിലുള്ള തരംഗത്തിന് സാധ്യതയില്ല. സമുദായിക സമവാക്യങ്ങൾ യുഡിഎഫിന് അനുകൂലമാകും. ഇതുവഴി വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് മുന്നേറ്റമുണ്ടാകും.
എല്‍ഡിഎഫ് 55 മുതൽ 67 വരെ സീറ്റുകൾ. നേമം, കഴക്കൂട്ടം ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ എൻഡിഎക്ക് സാധ്യതയുണ്ടെന്നും ഇവർ കണക്കാക്കുന്നു.