വി,ശിവന്‍കുട്ടി, വി.ജോയ്, കടകംപള്ളി സുരേന്ദ്രന്‍
നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെന്ന നിലക്ക് പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നത് കൊണ്ടാണ് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.ജോയ് ഒഴിവായത്. എ.എ. റഹീം എം.പിക്ക് താല്‍ക്കാലിക ചുമതലയും നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം ജോയ് തന്നെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്നതില്‍ ഒരു തര്‍ക്കത്തിനുള്ള സാധ്യത അന്ന് ആരും കണ്ടിരുന്നില്ല. എന്നാല്‍ വി.ജോയ് സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരുന്നതിനെ ചൊല്ലി ഇന്ന് പാര്‍ട്ടിക്കകത്ത് എതിരഭിപ്രായം ഉയര്‍ന്നുവെന്ന് മാത്രമല്ല, അതിനായി തിരുവനന്തപുരം ജില്ലാ സി.പി.എമ്മിലെ രണ്ട് പ്രബല ഗ്രൂപ്പുകള്‍ ശത്രുത മറന്ന് ഒരുമിച്ചു. വി.ശിവന്‍കുട്ടി പക്ഷവും കടകംപള്ളി സുരേന്ദ്രന്‍ പക്ഷവും. അതൃപ്തി പരസ്യമാക്കി, ജോയിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്ത ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാതെ ശിവന്‍കുട്ടി വിട്ടുനിന്നു. ഈ എതിര്‍പ്പുകളൊക്കെ അവഗണിച്ച് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം വി.ജോയ് വീണ്ടും സെക്രട്ടറിയാകുമ്പോള്‍, ജില്ലയിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ വിഭാഗീയത പുകഞ്ഞ് പുറത്തേക്ക് വരികയാണ്.
ശിവന്‍കുട്ടിയുടെ എതിര്‍പ്പ് എന്തിന്...?
പാര്‍ലമെന്‍ററി സ്ഥാനങ്ങളിലേക്ക് ജയിച്ച് വരുന്നവര്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നത് സി.പി.എമ്മിന്‍റെ പതിവ് രീതിയാണ്. ഈ കീഴ്‌വഴക്കം ലംഘിച്ച് രണ്ട് തവണ ജോയ് ജില്ലാ സെക്രട്ടറിയായി. അതിനെചൊല്ലി നേരത്തെ തന്നെ ജില്ലയിലെ പാര്‍ട്ടിയില്‍ അതൃപ്തി പുകഞ്ഞിരുന്നു. അതാണിപ്പോള്‍ ശിവന്‍കുട്ടിയിലൂടെ പരസ്യമായിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ച ഏരിയ സെക്രട്ടറിമാരെല്ലാം സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. പിന്നെയെന്ത് കൊണ്ട് വി ജോയിക്ക് മാത്രം ഇളവ്....? ഇതാണ് ശിവന്‍കുട്ടിയുടെ ചോദ്യം. വി.ജോയിക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്ന അമിത പ്രാധാന്യവും അതൃപ്തിക്ക് കാരണമാണ്. തുടര്‍ച്ചയായി രണ്ട് തവണ സെക്രട്ടറിയായി ഇരുന്നപ്പോള്‍ തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും ജോയ് മത്സരിച്ചു. ഇങ്ങനെ എല്ലാ അവസരവും ജോയിക്ക് മാത്രം നല്‍കുന്നതിലെ യുക്തിയാണ് ശിവന്‍കുട്ടി ചോദ്യം ചെയ്യുന്നത്. വി.ജോയിയെ വീണ്ടും സെക്രട്ടറിയാക്കുന്നതിലുള്ള എതിര്‍പ്പ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ശിവന്‍കുട്ടി നേരിട്ടറിയിച്ചുവെന്നാണ് വിവരം. പക്ഷെ, ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോയി തുടരട്ടെയെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം എടുത്തത്.
ശിവന്‍കുട്ടിയുടെ മോഹങ്ങള്‍
തിരുവനന്തപുരത്തെ സി.പി.എമ്മിന്‍റെ ഏറ്റവും പ്രമുഖനായ നേതാക്കളില്‍ ഒരാളാണ് വി.ശിവന്‍കുട്ടി. മേയറും, എം.എല്‍.എയും, മന്ത്രിയുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടും ഇതുവരെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാകാനുളള അവസരം ശിവന്‍കുട്ടിക്ക് കിട്ടിയിട്ടില്ല. നേമത്തെ തോല്‍വിയോടെ പാര്‍ലെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് ശിവന്‍കുട്ടി വിരമിച്ച അവസ്ഥയിലാണ്. അതിനാല്‍ ജില്ലാ സെക്രട്ടറിയാകാനുള്ള ഏറ്റവും മികച്ച അവസരം ഇതാണെന്നാണ് ശിവന്‍കുട്ടി വിശ്വസം. ഈ താല്‍പര്യം ശിവന്‍കുട്ടി നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയില്‍ ശിവന്‍കുട്ടിയുടെ എതിരാളിയായ കടകംപള്ളി സുരേന്ദ്രന്‍. വി.ജോയിയെ വെട്ടാന്‍ എല്ലാം മറന്ന് ശിവന്‍കുട്ടിക്കൊപ്പം നിന്നു. എന്നാല്‍ ആവശ്യത്തോട് സംസ്ഥാന നേതൃത്വം മുഖംതിരിച്ചു. ശിവന്‍കുട്ടിയുടെ പ്രായവും ശാരീരിക അവശതകളുമെല്ലാം കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.
ജോയിക്കെതിരെ ഗ്രൂപ്പ് പടയൊരുക്കം..?
അടുത്ത ജില്ലാ സമ്മേളനം വരെ വി.ജോയ് ജില്ലാ സെക്രട്ടറിയായി തുടരും. സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി ജോയിയുടെ പേര് ഉയര്‍ന്നാല്‍ ശക്തമായ എതിര്‍പ്പുയരാനാണ് സാധ്യത. പാര്‍ട്ടിയിലെ മറ്റൊരു പ്രബല നേതാവായ ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടേ പുതിയൊരു നേതൃത്വം ജില്ലയില്‍ സി.പി.എമ്മിനുണ്ടാകണമെന്ന അഭിപ്രായക്കാരാണ്. വി.സുനില്‍കുമാര്‍ ഉള്‍പ്പെടേയുള്ളവരുടെ പേര് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതിനാല്‍ അടുത്ത ജില്ലാ സമ്മേളനത്തില്‍ ജോയിക്കെതിരെ മൂന്ന് ഗ്രൂപ്പുകളും ഒരുമിച്ചാലും അദ്ഭുതപ്പെടാനില്ല. ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയും ഗ്രൂപ്പിസവും രൂക്ഷമാകുന്നതിന്‍റെ തുടക്കമാണ് ഇപ്പോഴത്തെ തര്‍ക്കം.