സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതക്കൊപ്പമാണെന്നും ഏത് ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഗൗരവതരമാണ്. രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമനിർമാണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് ഒരാളെ പരിഗണിക്കുമ്പോൾ അയാളുടെ ആ രംഗത്തെ പ്രവർത്തന മികവാണ് മുഖ്യമായി ശ്രദ്ധിക്കുന്നത്. സിനിമാ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് എന്ന പരിഗണനയിലാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമിയിൽ സ്ഥാനമെത്തിയത്. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് വളരെ ഗൗരവമേറിയ വിഷയമാണ്.
ചെയ്യുന്ന തെറ്റുകൾ ഒരു സ്ഥാപനത്തിന്റെ തലയിൽ വെച്ചുകെട്ടേണ്ടതില്ല. പരാതി ഉയർന്നുവന്ന ഉടൻ തന്നെ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് വളരെ മോശപ്പെട്ട കാര്യമാണെന്ന് മന്ത്രി വിമർശിച്ചു. സിനിമാ കോൺക്ലേവിന് ശേഷം ഇത്തരം അതിക്രമങ്ങൾ കുറഞ്ഞിരുന്നു. ഇപ്പോൾ പരാതി ലഭിച്ച ഉടൻ തന്നെ നടപടിയെടുത്തിട്ടുണ്ട്. ദുരനുഭവം നേരിട്ടവർ മുന്നോട്ട് വന്ന് സംസാരിക്കാൻ തയ്യാറാകണമെന്നും സജി ചെറിയാൻ പറഞ്ഞു. ഏതെങ്കിലും തരത്തിൽ പരാതി പിൻവലിച്ചു ഒഴിഞ്ഞുമാറാനല്ല ശ്രമിക്കേണ്ടത്. ധൈര്യപൂർവ്വം നേരിടുകയാണ് വേണ്ടത്. അതിനായി പ്രഗത്ഭരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം, പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത് റിമാന്‍ഡില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ്ജയിലിലേക്ക് മാറ്റും. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി. ഒരുവര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവ് ലഭിക്കാം. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം, തന്നെ തകര്‍ക്കാനുളള ശ്രമമെന്നും കള്ളക്കേസെന്നും രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു
സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞായിരുന്നു മിന്നൽ നീക്കം. ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലാണ് പീഡനം നടന്നത്. രഞ്ജിത്ത് നിലവിൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് നടി മൊഴി നൽകിയത്. ഇതിന് പിന്നാലെ മാനസികമായി തളർന്ന നടി കൗൺസിലിംഗിന് ശേഷമാണ് നിയമപോരാട്ടത്തിന് തയ്യാറായി നടി പോലീസിനെ സമീപിച്ചത്. സിനിമാസെറ്റിൽ വെച്ച് തന്നെ പരാതി ഒതുക്കാൻ ശ്രമം നടന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.
Bns 75, 75(1), 79 എന്നീ വകുപ്പുകൾക്ക് പുറമെ വ്യക്തിയെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനും കേസുണ്ട്. എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ നടി നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.