summer-rain-kochi

കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചു തുടങ്ങി. ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, വിവിധ ജില്ലകളിൽ പകൽ താപനില 38 മുതൽ 39 ഡിഗ്രി സെൽസ്യസ് വരെ ഉയർന്നിട്ടുണ്ട്.

ഇന്നലെ പെയ്ത വേനല്‍ മഴയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റ് പാലപ്പറ്റ സ്വദേശിയായ 65 കാരി മരിച്ചു. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും കൊച്ചി നഗരത്തിലും കനത്ത മഴ ലഭിച്ചു.

ആലപ്പുഴ ജില്ലയുടെ വിവിധഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ പുന്നപ്ര അറവുകാട് ക്ഷേത്ര ഉൽസവത്തിന്റെ ഭാഗമായി ഒരുക്കിയ അലങ്കാര ഗോപുരം തകർന്ന് കെഎസ്ആര്‍ടിസി ബസിന് മുകളിൽ വീണു. വൻ ദുരന്തമാണ് ഒഴിവായത്. ആർക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയ പാതയോരത്താണ് ക്ഷേത്രത്തിന് മുന്നിലായി വൈദ്യുത ദീപാലങ്കാരം ഒരുക്കി ഗോപുരം സ്ഥാപിച്ചിരുന്നത്. പുന്നപ്ര പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ENGLISH SUMMARY:

Summer rains brought relief from the heat in Kerala but caused widespread damage in Kannur, Kozhikode, and Alappuzha. A 65-year-old woman died of lightning in Malappuram's Edavanna. In Alappuzha, a temple festival tower collapsed onto a KSRTC bus during heavy winds, luckily causing no injuries. Meteorological department predicts more rain and thunderstorms for today and tomorrow with daytime temperatures hitting 39°C.