secretariat-4

രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാർ. പൊതുഗതാഗതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുദ്ദേശ്യവും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ് അഭ്യൂഹം പ്രചരിച്ചത്.  ‘കോവിഡ് കാലത്ത് നാം ഐക്യത്തോടെനിന്ന് വെല്ലുവിളിയെ നേരിട്ടു. അതുപോലെ ഇത്തവണയും നാം തയ്യാറായിരിക്കണം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.  

ഇത് ലോക്ക്ഡൗൺ സൂചനയായി ദുർവ്യാഖ്യാനം ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.  ഒപ്പം 2020ലെ കോവിഡ് ലോക്ക്ഡൗണിന്‍റെ ആറാം വാർഷികവും അഭ്യൂഹങ്ങൾ വ്യാപിക്കാൻ കാരണമായി. 

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഏതു സാഹചര്യവും നേരിടാന്‍ രാജ്യം തയാറെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. നിലവില്‍ ഊര്‍ജപ്രതിസന്ധിയില്ല. പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല. പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും കേന്ദ്രം അറിയിച്ചു. യോഗം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. 

പശ്ചിമേഷ്യയിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തെ അറിയിച്ചത്. ഗാര്‍ഹിക എല്‍.പി.ജിക്ക് ക്ഷാമമില്ല. ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് കപ്പലുകള്‍ കൂടി എത്തും. ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം  ചെയ്യുന്നുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ മധ്യസ്ഥരാകില്ലെന്ന സൂചനയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നല്‍കിയത്. 

പാക്കിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നത് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. പ്രതിപക്ഷത്തിന്‍റെ എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രതിപക്ഷം ഉറപ്പുനല്‍കിയെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

എന്നാല്‍ യോഗം തൃപ്തികരമല്ലെന്നും ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ കുറിച്ചും പ്രശ്നത്തില്‍ കൃത്യമായ നിലപാട് എടുക്കാത്തതിനെക്കുറിച്ചും വിവിധ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരും വിദേശകാര്യ സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ENGLISH SUMMARY:

The central government has firmly denied rumours suggesting that a nationwide lockdown will be imposed in India. Officials clarified that there are no plans to restrict public transport or economic activities, dismissing viral social media claims as false and misleading. The speculation arose after the Prime Minister’s recent speech in Parliament regarding the West Asian conflict, where he emphasized the need for preparedness and unity, drawing parallels with the COVID-19 period.