വോളിബോള്‍ കളത്തില്‍ എതിരാളികളെ നേരിട്ട രാജ്യാന്തര താരത്തിന്‍റെ മെയ് വഴക്കത്തിലാണ് പാലായുടെ രാഷ്ട്രീയക്കളത്തില്‍ മാണി സി.കാപ്പന്‍ പോരാടുന്നത്. മണ്ഡലം നിലനിര്‍ത്തുമെന്നും ഭൂരിപക്ഷം പതിനയ്യായിരത്തിലധികം കിട്ടുമെന്നാണ് കാപ്പന്‍റെ പ്രതീക്ഷ. 

1976 ല്‍ ഇരുപതാംവയസില്‍ കാലിക്കറ്റ് സര്‍വകലാശാല വോളിബോള്‍ ക്യാപ്റ്റനില്‍ നിന്ന് രാജ്യാന്തര താരമായി ഉയര്‍ന്ന മാണി സി.കാപ്പന്‍ സിനിമാമേഖലയിലും ഇപ്പോള്‍ രാഷ്ട്രീയത്തിലുമാണ് പോരാടുന്നത്. 52 വർഷം മണ്ഡലത്തില്‍ നിറഞ്ഞുനിന്ന കെ.എം.മാണിയെന്ന അതികായകനെ മൂന്നുവട്ടം നേരിട്ട മാണി സി.കാപ്പന് ഇത് മറ്റൊരു നിയോഗം. ജോസ് കെ മാണിയും ഷോണ്‍ ജോര്‍ജും എതിരാളികളായ തിരഞ്ഞെടുപ്പാണ്. ഭൂരിപക്ഷം പതിനയ്യായിരത്തിലധികം കിട്ടുമെന്നാണ് കാപ്പന്‍റെ പ്രതീക്ഷ. 

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തട്ടകത്തില്‍ നഗരസഭാ ഭരണം ഉള്‍പ്പെടെ യുഡിഎഫ് പിടിച്ചെടുത്തെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ 1518 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിനായിരുന്നു. വികസനചർച്ചകളും സമൂഹമാധ്യമപോരാട്ടങ്ങളുമായി പാലായുടെ രാഷ്ട്രീയം കലുഷിതമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടു പിടിച്ച ബിജെപി ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കിയതോടെ പാലാ ത്രികോണമല്‍സരത്തിലാണ്.

ENGLISH SUMMARY:

Mani C Kappan, a former international volleyball player, is fighting a political battle in Pala with the agility he displayed on the court. He expects to retain his seat and secure a majority of over fifteen thousand votes.