ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ വിധി ഇന്ന്. പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് ഡോക്ടർ വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
സംസ്ഥാനം ഒന്നാകെ ഞെട്ടിയ കേസിൽ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊതുപ്രവർത്തകനെ മാരകമായി പരിക്കേൽപ്പിക്കുക, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, അന്യായമായി തടഞ്ഞുവെക്കൽ, സർക്കാർ ഉദ്യോഗസ്ഥനെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുന്നതിനായി ആക്രമിക്കുക, തെളിവ് നശിപ്പിക്കൽ. വധഭീഷണി മുഴക്കൽ, പൊതുപ്രവർത്തകനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പരിക്കേൽപ്പിക്കുക. തുടങ്ങി ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതികുറ്റക്കാരൻ ആണെന്നാണ് കോടതിവിധി.
കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്രസിങ് റൂമിൽ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നിൽ കണ്ട സർജിക്കൽ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു. ഭീതിയിൽ എല്ലാവരും ഓടി മാറി. പക്ഷേ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്ക് ഓടാൻ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. അവസാനം, നെഞ്ചിലും കഴുത്തിലും മുതുകിലുമായി പല തവണ കുത്തി പരിക്കേൽപ്പിച്ചു. ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി.