File photo
നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ ഉറപ്പിച്ച് കെ. സുധാകരന്‍. കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും മല്‍സരിക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്ന് നാളെ കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് ട്രെയിനിലായിരിക്കും കണ്ണൂരിലെത്തുക. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു.
എന്നാല്‍ ഒരു വശത്ത് ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. പട്ടികയില്‍ മാറ്റം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ടെന്ന നയത്തില്‍ കെ. സുധാകരന് മാത്രം ഇളവ് അനുവദിക്കുന്നത് മറ്റൊരു കീഴ്‌വഴക്കം സൃഷ്ടിക്കും. കൂടുതല്‍ എംപിമാര്‍ക്ക് സീറ്റ് നല്‍കേണ്ടിവരുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. എല്ലാം ഊതിവീര്‍പ്പിച്ചതാണ്. നിര്‍ണായക ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഇടപെടാറുണ്ട്. 100ല്‍ കൂടുതല്‍ സീറ്റില്ലെങ്കില്‍ വനവാസത്തിന് തന്നെയെന്നും വി.ഡി പറവൂരില്‍ ആവര്‍ത്തിച്ചു.
Also Read: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്; ചില സീറ്റുകളില്‍ തീരുമാനമായില്ല
അതേസമയം, പെരുമ്പാവൂരിൽ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ അപ്രതീക്ഷിത നീക്കങ്ങളുമായി എൽദോസ് കുന്നപ്പിള്ളിലിന്റെ നീക്കങ്ങള്‍. സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കില്ലെന്ന് ഉറപ്പായതോടെ, എറണാകുളം ഡിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ടാണ് കുന്നപ്പിള്ളിലിന്റെ സമ്മർദ്ദ നീക്കങ്ങൾ. വിമാനത്താവളത്തിൽ വെച്ച് എൽദോസ് നടത്തിയ വൈകാരിക പ്രതികരണം യുഡിഎഫ് ക്യാമ്പുകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. നിയമസഭയിലേക്ക് വീണ്ടും പരിഗണിച്ചില്ലെങ്കിൽ പകരം തന്നെ ഡിസിസി അധ്യക്ഷനാക്കണമെന്ന ഉറച്ച ആവശ്യമാണ് കുന്നപ്പള്ളി ഹൈക്കമാൻഡിന് മുന്നിൽ വെച്ചിരിക്കുന്നത്.
എന്നാൽ രമേശ് ചെന്നിത്തലയോ ദേശീയ നേതൃത്വമോ ഇക്കാര്യത്തിൽ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനിടെ കുറുപ്പുംപടിയിൽ എൽദോസ് അനുകൂലികളുടെ ശക്തിപ്രകടനം നടന്നു. ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് അധ്യക്ഷന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ 100 കണക്കിനാളുകൾ പ്രകടനത്തിൽ അണിനിരന്നു. കുന്നപ്പള്ളിയോട് നേതൃത്വം നന്ദികേട് കാണിക്കരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
എന്നാൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം മാത്രമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് ബെന്നി ബഹന്നാൻ അനുകൂലികളുടെ വാദം.