congress-candidates-list-today
  • എല്ലാം കെപിസിസി പ്രസിഡന്റ് പറയുമെന്ന് വി.ഡി.സതീശൻ
  • എംപിമാര്‍ മല്‍സരിക്കുന്നതില്‍ തീരുമാനം ആയില്ല
  • രാഹുലിന് കടുത്ത അതൃപ്തി

മാരത്തൺ ചർച്ചകൾക്കും അഭിപ്രായ ഭിന്നതകൾക്കും ശേഷം  കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പുലർച്ചെ രണ്ടര വരെ നീണ്ട  മാരത്തൺ ചർച്ചകൾക്ക് ഒടുവിലും നിര്‍ണായകമായ ചില സീറ്റുകളിൽ തീരുമാനമെടുക്കാൻ നേതൃത്വത്തിനായില്ല. ധാരണയിലെത്താത്ത 5 മണ്ഡലങ്ങളിൽ  അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി. തിരുവനന്തപുരം ,എറണാകുളം, കോട്ടയം ,ഇടുക്കി, തൃശൂർ ജില്ലകളിൽ വിവിധ സീറ്റുകളിലാണ് തർക്കം. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വി.ഡി.സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി. വേണുഗോപാലും നിലയുറപ്പിച്ചത് ചർച്ച നീട്ടിക്കൊണ്ടുപോയി. 

എല്ലാം കെപിസിസി പ്രസിഡന്റ് പറയുമെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം വി.ഡി.സതീശൻ. 72 മണിക്കൂർ കേരളത്തിന്റെ കാര്യമല്ല ചർച്ച ചെയ്തത്, അസമും പോണ്ടിച്ചേരിയും ഒക്കെ ചർച്ച ചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു . അഞ്ച് സീറ്റുകളില്‍ ചില കാര്യങ്ങളില്‍ പരിശോധന നടത്താന്‍ മാറ്റിവച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ഒട്ടും വൈകിയിട്ടില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. നാലഞ്ച് സീറ്റുകളില്‍ തീരുമാനം ആയിട്ടില്ലെന്നും ഉചിതമായ തീരുമാനം എഐസിസി കൈക്കൊള്ളുമെന്നും സണ്ണി ജോസഫും പ്രതികരിച്ചു.

അതേസമയം സ്ഥാനാർത്ഥിത്വത്തിനായി പാർട്ടിയോട് ഉടക്കി നിൽക്കുന്ന കെ സുധാകരൻ ഇന്ന് നിലപാട് വ്യക്തമാക്കും. പ്രവർത്തകസമിതി അംഗത്വം രാജിവെക്കുന്നതും സ്വതന്ത്രനായി മത്സരിക്കുന്നതും സുധാകരൻ ആലോചിക്കുന്നുണ്ട്. നാമനിർദ്ദേശപത്രികക്കായുള്ള രേഖകളെല്ലാം സുധാകരൻ തയ്യാറാക്കിയിട്ടുണ്ട്. സുധാകരന്‍റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നും പ്രവര്‍ത്തകരുടെ ആവേശം ഇല്ലാതാക്കുന്നുവെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നുമാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്.  പാര്‍ട്ടി തീരുമാനം നേരത്തെ അറിയിച്ചിട്ടും സുധാകരന്‍ സമീപനം മാറ്റാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉന്നത നേതൃത്വം വ്യക്തമാക്കുന്നു.

ENGLISH SUMMARY:

The Congress party is set to announce its second list of candidates for the 2026 Kerala Assembly elections today. Following marathon talks that lasted until 2:30 AM, disputes remain in five key constituencies including Kochi, Thiruvananthapuram, and Thrissur. Meanwhile, K. Sudhakaran's potential rebellion and threat to contest independently have irked the High Command.