TAGS

സുന്ദരികളെ കണ്ടെത്തുന്നതിനായി സാധാരണ മല്‍സരങ്ങള്‍ നടത്താറുണ്ട്. എന്നാൽ ആളുകളെ സുന്ദരികളും സുന്ദരന്മാരുമാക്കുന്നവർക്കായി ഒരു മല്‍സരം, മലയാള മനോരമ ക്വിക്ക് കേരള ഗോൾഡൻ ബ്രഷ് അവാർഡ് 2026. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മേക്കപ്പ് ആർട്ടിസ്റ്റുകളും മോഡലുകളും പങ്കെടുത്ത മത്സരം, ബ്യൂട്ടി മേഖലയിലെ പുതുമുഖങ്ങൾക്കും പ്രഫഷനലുകൾക്കും ഒന്നിച്ച് അണിനിരക്കാനുള്ള  വേദിയായി മാറി. 

എറണാകുളത്തെ ഗോകുലം പാർക്ക് കൺവെൻഷൻ സെൻ്ററിൽ നടന്ന  ഗോൾഡൻ ബ്രഷ് അവാർഡ് 2026 ൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 54 മേക്കപ്പ് ആർട്ടിസ്റ്റുകളും മോഡലുകളും പങ്കെടുത്തു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സെക്കുലർ എന്നീ വ്യത്യസ്ത ബ്രൈഡൽ കോൺസെപ്റ്റുകളിലായി മത്സരാർത്ഥികൾ ഒരേ സമയം മോഡലുകൾക്ക് മേക്കപ്പ് ചെയ്തു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വി.കെ.എസ് വികാസ് , ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് ലക്ഷ്മി സനീഷ്, ബ്രൈഡൽ ആൻഡ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അന്ന മോണിക്ക എന്നിവർ വിധികർത്താക്കളായി. മത്സരശേഷം ഫാഷൻ കൊറിയോഗ്രാഫർ ഡി.എച്ച് ജെനിലിന്റെ  നേതൃത്വത്തിൽ റാംപ് വാക്കും സംഘടിപ്പിച്ചു. തൃശ്ശൂർ കുന്നംകുളം സ്വദേശിയായ ഗിവിൻ സി സൈമൺ, മോഡൽ അഞ്ചന മാധവിനൊപ്പമാണ് ഗോൾഡൻ ബ്രഷ് അവാർഡ് സ്വന്തമാക്കിയത്. ഫസ്റ്റ് റണ്ണർ അപ്പ് സി.കെ ഹരിത സിൽവർ ബ്രഷ് പുരസ്കാരവും , സെക്കൻഡ് റണ്ണർ അപ്പ് സരസ്വതി ദിലീഷ് ബ്രോൺസ് ബ്രഷ്  പുരസ്കാരവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 30000,20000,12000 രൂപയും സർട്ടിഫിക്കറ്റും നൽകി. 

മികച്ച ബ്രൈഡൽ ഹെയർ സ്റ്റൈലിംഗിന് സ്റ്റഫി സെബാസ്റ്റ്യൻ, സാരി ഡ്രേപിംഗിന് സി.കെ ഹരിത , ഓർണമെന്റ് സെറ്റിംഗിൽ രാജി വിലിൻദാസ്, ഫ്ലവർ സെറ്റിംഗിൽ രഹ്ന പ്രേംരാജ് എന്നിവർ പുരസ്കാരങ്ങൾ നേടി. കൂടാതെ മികച്ച 20  മേക്കോവേഴ്സിനും പുരസ്കാരങ്ങൾ നൽകി.

ENGLISH SUMMARY:

Malayala Manorama Golden Brush Award 2026 celebrated individuals who create beauty, not just find it. This competition provided a platform for both aspiring and professional makeup artists and models from across Kerala.