കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യമെന്ന വിജിലൻസ് കോടതി നിരീക്ഷണത്തിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് കോർപറേഷനിലേക്ക് മാർച്ച് നടത്തി. പൊതുറോഡ് പുനർനിർമാണത്തിനായി വി.കെ.മിനിമോൾ വ്യക്തിപരമായി പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്.
കൊച്ചി പാലാരിവട്ടത്ത് റോഡ് പുനർനിർമ്മാണത്തിനായി വി.കെ.മിനിമോൾ 3 ലക്ഷം രൂപ കൈപ്പറ്റിയതിന് തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കളവത്ത് ക്രോസ്സ് റോഡ് നന്നാക്കുന്നതിനായി അപ്പാർട്ട്മെന്‍റ് അസോസിയേഷനാണ് അന്നത്തെ കൗൺസിലറായ വി.കെ.മിനിമോൾക്ക് ഈ തുക നൽകിയത്. എന്നാൽ റോഡ് നവീകരിച്ചത് കോർപ്പറേഷൻ ഫണ്ടിൽ നിന്നാണ്. റോഡിന്റെ നവീകരണത്തിനായി മിനിമോൾക്ക് നൽകിയ ഫണ്ടിൽ നിന്ന് പണം ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമായതോടെയാണ് അസോസിയേഷൻ പരാതി നൽകിയത്. തുടർന്ന് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ട് മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ചിരുന്നു. മിനിമോൾ പണം വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്നും, അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യമാണെന്നുമുള്ള വിജിലൻസ് കോടതിയുടെ നിരീക്ഷണത്തെ തുടർന്നാണ് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയത്. പൊതു പാതയുടെ അറ്റകുറ്റപ്പണിക്കായി സ്വന്തം നിലയിൽ ആരിൽ നിന്നും ഒരു തുകയും ഈടാക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെ കോർപ്പറേഷൻ കൗൺസിലർ എന്ന ഔദ്യോഗിക സ്ഥാനം ദുരുപയോഗിച്ച് മിനിമോൾ തുക പിരിച്ചെടുതെന്നാണ് ആരോപണം. ഇത് തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാർച്ച് മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനത്തിൽ നിന്ന് ആരംഭിച്ച് കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. അതേസമയം തനിക്കെതിരെ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണം ഏകപക്ഷീയമാണെന്നാണ് വികെ മിനിമോളുടെ വാദം.