കൊച്ചിയിൽ ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്തു ഉടമ അറിയാതെ പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്. 59 പേരാണ് തട്ടിപ്പിനിരയായത്. ഹെക്‌സാർക്ക് ഇൻഫ്രാ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ പരസ്യം കണ്ട് ഫ്ലാറ്റ് പണയത്തിനെടുത്ത വീട്ടമ്മമാർ ഉൾപ്പെടെ ലക്ഷങ്ങൾ നഷ്ടപ്പെട്ട് പെരുവഴിയിലായി
വിശ്വാസ്യതയുടെ പരസ്യങ്ങൾ നൽകി സാധാരണക്കാരെ കെണിയിൽ വീഴ്ത്തുന്ന പുതിയ തരം തട്ടിപ്പിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കൊച്ചിയിലെ വിവിധയിടങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്ത ശേഷം ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഹെക്‌സാർക്ക് ഇൻഫ്രാ പണയപ്പെടുത്തിയത്. ലക്ഷങ്ങൾ പണയം വാങ്ങി കരാറുണ്ടാക്കിയ ശേഷം കുറച്ചു മാസങ്ങൾ കഴിയുമ്പോൾ ഉടമകൾ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെടുമ്പോഴാണ് ഇവർ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
കൊച്ചി സെൻട്രൽ, എളമക്കര സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത്. ഇതിൽ ലക്ഷദ്വീപ് സ്വദേശികളും ഉൾപ്പെടുന്നു. മറിയം ജമീലയിൽ നിന്ന് 13.50 ലക്ഷം രൂപയും സൽമ മൈമൂനയിൽ നിന്ന് 14 ലക്ഷം രൂപയും ഇത്തരത്തിൽ തട്ടിച്ചെടുത്തു. ഒ.എൽ.എക്സിൽ നൽകിയ പരസ്യം വിശ്വസിച്ചാണ് ഇവർ ഇടപാടുകൾ നടത്തിയത്. ഉടമകളുമായി നിയമാനുസൃതമായ കരാറില്ലാത്തതിനാൽ പണം നൽകിയവർക്ക് ഇപ്പോൾ താമസസ്ഥലം ഒഴിയേണ്ട ഗതികേടിലാണ്. പലർക്കും പരസ്യമായി ഒന്ന് പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥ. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും തട്ടിപ്പിനിരയായവർ തട്ടിപ്പ് ആസൂത്രണം ചെയ്ത ബിൻസി വേണുഗോപാൽ നിലവിൽ ഒളിവിലാണ്. ഇവരുടെ നാല് ജീവനക്കാരെയും പ്രതിചേർത്ത് എളമക്കര പോലീസ് കേസെടുത്തു.