coro

TOPICS COVERED

കോറോ ഹെൽത്ത് കമ്പനിയുടെ കൊച്ചിയിലെ ഓഫിസിലേക്ക് ഇന്നും ജീവനക്കാരെ പ്രവേശിപ്പിച്ചില്ല. സ്ഥാപനത്തിലേക്ക് വിവിധ തൊഴിലാളി സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. അതിനിടെ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. രാവിലെ സാധാരണ പോലെ ജീവനക്കാർ എത്തിയെങ്കിലും ഓഫീസിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് കോറോ ഹെൽത്ത് കമ്പനി. ഇതോടെ റജിസ്റ്ററിൽ ഒപ്പിട്ട ശേഷം ജീവനക്കാർ പാർക്കിങ്ങിൽ തന്നെ തുടർന്നു. നാളെ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. 

സിഐടിയുവും, ഐഎൻടിയുസിയും കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഏതെങ്കിലും ജീവനക്കാർക്ക് ജോലി നഷ്ടമായാൽ അതിൻ്റെ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്ന് സിഐടിയു പ്രതിഷേധത്തിന് നേതൃത്വം നൽകിയ മുൻ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഐടി സ്ഥാപനങ്ങളിൽ ലേബർ യൂണിയനുകൾ രൂപീകരിക്കാൻ സിഐടിയു തീരുമാനിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി.

അതിനിടെ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിലെ ചട്ടങ്ങൾ പാലിച്ച് ചർച്ച നടത്തണം. തൽസ്ഥിതി തുടരണമെന്ന് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ് നിർബന്ധിത ഉത്തരവല്ല. സർക്കാരിന് വിഷയത്തിൽ ഇടപെടാൻ ബാധ്യത ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 

തസ്ഥിതി തുടരണമെന്ന തൊഴിൽ വകുപ്പിന്റെ നിർദ്ദേശം ചോദ്യം ചെയ്താണ് കോറോ ഹെൽത്ത് ഹൈക്കോടതിയെ സമീപിച്ചത്. അനുരഞ്ജന ചർച്ചകളുമായി മുന്നോട്ട്പോകാൻ ഇരു വിഭാഗത്തിനും കോടതി നിർദേശം നൽകി. വിഷയത്തിൽ നാളെയാണ് സർക്കാരും ജീവനക്കാരും കമ്പനി മാനേജ്മെന്‍റും തമ്മിലുള്ള ചർച്ച.

ENGLISH SUMMARY:

Corro Health Kochi is facing employee access issues with workers not being allowed into the office. Various labor unions have staged protest marches, while the High Court has suggested resolving the matter through discussions.