ഒല്ലൂരില്‍ അയല്‍വാസിയുടെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യയെ (40) അയല്‍വാസിയായ പ്രതി അപ്പാടൻ തോമസ് (64) പിന്നാലെ നടന്ന് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ‘ഭര്‍ത്താവില്ലാത്ത നിന്നെ പലര്‍ക്കൊപ്പം കണ്ടല്ലോ, ആണ്‍സുഹൃത്തിനൊപ്പം കണ്ടല്ലോ ’ എന്ന രീതിയിലുള്ള ചോദ്യംചെയ്യല്‍ പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ ഇവര്‍ തമ്മില്‍ കടുത്ത വാക്തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ സമാനമായ തര്‍ക്കം കയ്യാങ്കളിയിലും പിന്നാലെ കൊലപാതകത്തിലും എത്തിച്ചേരുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ തോമസിനെതിരെ സൗമ്യയുടെ മകന്‍ നല്‍കിയ പോക്സോ കേസും നിലവിലുണ്ട്. കേസില്‍ അറസ്റ്റിലായ തോമസ് കുറച്ചുകാലം ജയിലിലും കിടന്നിട്ടുണ്ട്. ഇതോടെ സൗമ്യയും തോമസും തമ്മിലുള്ള പ്രശ്നം അതിരൂക്ഷമായി, എവിടെക്കണ്ടാലും പരസ്പരം കടിച്ചുകീറുന്ന അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ വീട്ടിലെ നായ റോഡിലേക്കിറങ്ങിയതിനെ തുടർന്ന് സൗമ്യ അതിന്റെ പിറകേ ഇറങ്ങിയപ്പോൾ കത്തിയുമായി പിറകേയെത്തിയ തോമസ് കുത്തുകയായിരുന്നു.
കുത്തേറ്റ് അര മണിക്കൂറോളം റോഡിൽ കിടന്ന സൗമ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച തോമസിനെ തിരച്ചിലിനിടയിൽ പൊലീസ് കണ്ടെത്തി. അഗ്നിരക്ഷാസേന എത്തിയാണ് പ്രതിയെ കിണറ്റിൽ നിന്ന് കയറ്റിയത്. സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. മക്കൾ: ഏഗ്ന, ആരോൺ.