നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ അര്‍ഷിദ് മരണപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കുഞ്ഞു ശരീരത്തില്‍ മുറിയാത്ത ഒരു ഭാഗം പോലുമില്ല. ശരീരത്തിലാകമാനം 51 മുറിവുകളാണുള്ളത്. ഒടിവും ചതവും കാലിൽ പൊള്ളിച്ച പാടുകളുമുണ്ട്. ജനനേന്ദ്രിയത്തിൽ തൊലി പോയ മുറിവുമുണ്ട്. ആന്തരിക അവയവയങ്ങളിലെ മുറിവ് കാരണമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏകദേശം ഒരു മാസം മുന്‍പേയാണ് മുത്തശ്ശിയുടെ പക്കല്‍ നിന്നും അമ്മ അഖിലയ്ക്കും രണ്ടാനച്ഛന്‍ അഷ്കറിനുമൊപ്പം അര്‍ഷിദ് പോയത്. ഇതിനുശേഷം സമാനതകളില്ലാത്ത ക്രൂരതയാണ് കുഞ്ഞ് ഏറ്റത്. രണ്ടു കൈകളും പ്ലാസ്റ്റർ ഇട്ടുകൊണ്ടുള്ള അര്‍ഷദിന്‍റെ ചിത്രം അമ്മ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതില്‍ സംശയം തോന്നി മുത്തശ്ശി നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
'കളിപ്പാട്ടത്തില്‍ നിന്നും വീണു പരുക്കേറ്റതാണെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. വീണിരുന്നെങ്കില്‍ ദേഹമാസകലം മുറിയണമായിരുന്നു. പക്ഷേ അതുണ്ടായില്ല' എന്നും മുത്തശ്ശി പറഞ്ഞു. അമ്മയുടെ പങ്കാളി അപായപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും മുത്തശ്ശി പറഞ്ഞു. എന്നാൽ മാതാവ് തന്റെ കുടുംബകാര്യത്തിൽ അനാവശ്യമായി ഇടപെടുന്നു എന്ന അഖിലയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുക്കുകയായിരുന്നു. കുട്ടിയെ മുത്തശ്ശിക്കൊപ്പം അയക്കണമെന്ന ആവശ്യവും തള്ളി.
കുട്ടി സൈക്കളില്‍ നിന്ന് വീണതാണെന്ന് അമ്മ വ്യക്തമാക്കിയതോടെ പൊലീസ് വിശദ അന്വേഷണം നടത്തിയില്ല. കുഞ്ഞിനെ വിട്ടു നല്‍കണം എന്നു കാണിച്ച് നിയമപരമായി നീങ്ങാനിരിക്കെയാണ് ദാരുണ സംഭവമുണ്ടാകുന്നത്. അഖിലയുടെ ഭര്‍ത്താവ് ഗര്‍ഭിണിയായ സമയത്ത് മരിച്ചിരുന്നു. ചെല്ഡ്ലൈനിനും പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഇവിടെ നിന്നുമുണ്ടായില്ല.