തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്കര്‍ കുറ്റം സമ്മതിച്ചു. അഷ്കറില്‍ നിന്ന് കുഞ്ഞ് നേരിട്ടത് ക്രൂര മര്‍ദനമാണ്. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിച്ചു. ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടമായി. ലൈറ്റര്‍ വച്ച് കുഞ്ഞിനെ പൊളളല്‍ ഏല്‍പ്പച്ചെന്നും പ്രതി സമ്മതിച്ചു. പൊളളല്‍ ഏല്‍പ്പിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ പൊലീസ് തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തി. 

തെളിവെടുപ്പിന് എത്തിക്കുന്നതിനിടെ പ്രതിയെ നാട്ടുകാർ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. നാട്ടുകാരുടെ രോഷപ്രകടനത്തിനിടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് മടങ്ങി. കുഞ്ഞിന്റെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. അഷ്കര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി. അഷ്കര്‍ കുട്ടിയുടെ കൈയിലെ പ്ലാസ്റ്റര്‍ വെട്ടിമാറ്റി വീടിന് സമീപം ഉപേക്ഷിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കും മുന്നേയാണ് പ്ലാസ്റ്റര്‍ നീക്കിയത്. അതിനിടെ പ്രതി അഷ്കറിന്റെ വാഹനം അജ്ഞാതര്‍ തകര്‍ത്തു. 

അമ്മയുടെ പങ്കാളിയില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമാണ് അര്‍ഷിദ് നേരിട്ടത്. ഒന്നര വയസുകാരന്‍റെ ശരീരത്തില്‍ 51 മുറിവുകളാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കുട്ടിക്ക് ക്രൂരമര്‍ദനമേറ്റെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ഒടിവും ചതവും കാലില്‍ പൊള്ളിച്ച പാടുകളുമുണ്ട്. ജനനേന്ദ്രിയത്തിലും മുറിവുണ്ട്. ആന്തരികാവയവങ്ങളിലെ മുറിവ് കാരണമാണ് മരണം. കേസില്‍ പൊലീസിനും ഗുരുതരവീഴ്ചയുണ്ടായി. കുട്ടിയെ മകളുടെ ഭർത്താവ് മർദ്ദിക്കുന്നതായി സംശയമുണ്ടെന്ന് അഖിലയുടെ മാതാവ് റീന നെടുമങ്ങാട് സ്‌റ്റേഷനിൽ പരാതി നല്കിയിരുന്നെങ്കിലും പൊലീസ് ഗൗരവത്തോടെ കണ്ടില്ല. 

കുട്ടിയുടെ അമ്മ അഖിലയുടെ മാതാവ് റീന ആയിരുന്നു നെടുമങ്ങാട് സ്‌റ്റേഷനിൽ പരാതി നല്കിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞെന്നറിഞ്ഞപ്പോൾ ആയിരുന്നു റീന പരാതിയുമായി എത്തിയത്. എന്നാൽ മാതാവ് തന്റെ കുടുംബകാര്യത്തിൽ അനാവശ്യമായി ഇടപെടുന്നു എന്ന അഖിലയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുക്കുകയായിരുന്നു. കുട്ടിയെ മുത്തശ്ശിക്കൊപ്പം അയക്കണമെന്ന ആവശ്യവും തള്ളി. 

അര്‍ഷിദിന്‍റെ മരണത്തില്‍ മര്‍ദ്ദനം നടന്നത് അമ്മയുടെ അറിവോടെയാണ്. പങ്കാളിയായ അഷ്കര്‍ കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് തനിക്ക് അറിയാമായിരുന്നു എന്ന് അഖില പൊലീസിനോട് സമ്മതിച്ചു. ഇക്കാര്യം അറിഞ്ഞുകൊണ്ട് അഖില കുഞ്ഞിനെ അഷ്കറിനെ ഏല്‍പ്പിച്ച് മാറി നിന്നു. കുട്ടി മരിക്കുന്ന സമയം അഖില ഡാന്‍സ് പരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു.

ENGLISH SUMMARY:

Shocking details have emerged in the murder of one-and-a-half-year-old Arshid in Nedumangad, Kerala. The accused, Ashkar, has confessed to brutally assaulting the child, including slamming his head against a wall and burning him with a lighter. The post-mortem report revealed 51 injuries, fractures, burn marks, and internal organ damage. The case has also raised serious questions about alleged police lapses and the role of the child's mother, who reportedly knew about the abuse.