താരസംഘടനയായ അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കും ഹിൽപാലസ് വനിതാ സെൽ എസ് ഐ രേഷ്മക്കുമെതിരെ തൃക്കാക്കര എ സി പിക്ക് മുന്നിൽ മൊഴി നൽകി നടി അൻസിബ ഹസൻ. തനിക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതി വ്യാജമാണെന്നും, പൊലീസ് സ്റ്റേഷനിൽ വെച്ച് മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും അൻസിബ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ നടി ലക്ഷ്മി പ്രിയയുടെ മൊഴി എടുക്കും. 

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അൻസിബയെ മൊഴിയെടുപ്പിനായി വിളിപ്പിച്ചത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിൽ, താൻ അപമാനിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എസിപിക്ക് മുന്നിൽ വ്യക്തമാക്കിയതായി അൻസിബ പറഞ്ഞു. അപമാനിക്കപ്പെട്ടതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും, ടിനി ടോം ഒരു സാമൂഹിക വിപത്താണെന്നും, പ്രസിഡന്റ് ശ്വേത മേനോൻ അടക്കമുള്ളവർ ടിനി ടോമിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അൻസിബ കുറ്റപ്പെടുത്തി.

അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്ഷ്മി പ്രിയയുടെയും, തൃപ്പൂണിത്തുറ വനിതാ സെൽ എസ് ഐ രേഷ്മയുടെയും മൊഴിയെടുക്കുമെന്ന് തൃക്കാക്കര എ സി പി പറഞ്ഞു. ഈ വർഷം ജനുവരി 29-നാണ് പരാതിക്ക് ആസ്പദമായ സംഭവം. നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും അവിടെവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ പരാതി. 

ENGLISH SUMMARY:

Actress Ansiba's defamation case is progressing with Lakshmipriya's statement to be recorded tomorrow. The Thrikkakara ACP confirmed that a preliminary investigation is underway, and further actions will be decided after its conclusion.