പാചകവാതകം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ല. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  അതേസമയം,  വിതരണം ഉറപ്പാക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,  ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ടതാണ് സമിതി.

ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുടെ പരാതികൾ സമിതി പരിശോധിക്കും. ഗാർഹിക  സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള ഇന്നലെ നിർബന്ധമാക്കിയിരുന്നു. 

എൽപിജി വിതരണത്തിൽ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുന്നുണ്ട്. നിലവിൽ എൽപിജി ക്ഷാമമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

അതേസമയം, മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ എണ്ണവില ഇടിഞ്ഞു. യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവചനമാണ് വിലയിടിവിനു കാരണം. ഇതോടെ, ആഗോള എണ്ണവിതരണം ദീർഘകാലം തടസ്സപ്പെടുമെന്ന ആശങ്കകൾക്ക് അയവുവന്നു. എണ്ണവില ബാരലിന് 90 ഡോളറില്‍ താഴെയായി. ഇറാൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ട്രംപുമായി ഫോണിൽ ചർച്ച ചെയ്തതോടെയാണ് വില കുറയാൻ തുടങ്ങിയതെന്ന് ക്രെംലിൻ അറിയിച്ചു. സൗദി അറേബ്യയും മറ്റ് ഉൽപാദക രാജ്യങ്ങളും എണ്ണ ഉൽപാദനം വെട്ടിക്കുറച്ചത് ആഗോള വിതരണത്തിൽ വലിയ തടസ്സങ്ങളുണ്ടാക്കുമെന്ന ഭീതി വർധിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ എണ്ണവില ബാരലിന് 100 ഡോളർ കടന്ന് കുതിച്ചുയർന്നത്.  

.

ENGLISH SUMMARY:

Cooking gas will no longer be supplied to hotels as the central government has taken a crucial decision to restrict LPG cylinders exclusively for domestic consumers. Manorama News has accessed a copy of the central government order regarding the move.