പി.കെ. ശശിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്  മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ. ഇത്രയും കാലം പാർട്ടി ഓഫീസിൽ വരികയും പ്രവർത്തിക്കുകയും ചെയ്ത വനിതാ സഖാക്കളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രസ്താവനയെന്നാണ് ആരോപണം. നേതാക്കളുടെ ഇത്തരം പ്രതികരണങ്ങൾ മലർന്നു കിടന്നു തുപ്പുന്നതിന് സമാനമാണെന്നും മഹിളാ അസോസിയേഷൻ കുറ്റപ്പെടുത്തി.

എൻ കെ നാരായണൻ കുട്ടിയുടെ  പ്രസ്താവനയാണ്  പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചയായിരിക്കുന്നത്. പി.കെ. ശശി എന്ന വ്യക്തി ഓഫീസിൽ ഉണ്ടായിരുന്ന കാലമത്രയും സ്ത്രീകൾക്ക് അവിടേക്ക് വരാൻ ഭയമായിരുന്നു എന്ന അർത്ഥമാണ് നാരായണൻ കുട്ടി ഉദേശിച്ചതെങ്കിലും അത് പാർട്ടിയെ തന്നെ ഇപ്പോൾ പ്രതിരോധത്തിലാക്കുന്ന രീതിയിലേക്ക് മാറി.പി.കെ. ശശി ഉണ്ടായിരുന്ന സമയത്ത് അവിടെ വന്നിരുന്ന സ്ത്രീകൾ ആരും തറവാട്ടിൽ പിറന്നവരല്ലേ എന്ന ചോദ്യമാണ് ജനാധിപത്യ മഹിള അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പിലൂടെ  ഉയർത്തുന്നത്.സി പി എം നേതാക്കൾ തന്നെ ഇപ്പോൾ  പറയുന്ന ഇത്രയും സ്ത്രീവിരുദ്ധനായ ഒരു വ്യക്തിയെ എങ്ങനെയാണ് പാർട്ടി  സംസ്ഥാന നേതാവായും കെ.ടി.ഡി.സി ചെയർമാനായും ഉയർത്തിക്കൊണ്ടു വന്നതെന്ന ചോദ്യവും അണികൾക്കിടെയിൽ നിന്നും ഉയരുന്നു.

ENGLISH SUMMARY:

N.K. Narayanan Kutty's anti-women remarks have sparked a significant debate within and outside the party, with the Democratic Women's Association strongly condemning his statements. The association argues that his comments insult women comrades who have worked in the party office and liken such reactions from leaders to spitting upwards.