വണ്ടാനം മെഡിക്കൽ കോളജിലെ ചികില്‍സാപ്പിഴവില്‍ ദുരിതം അനുഭവിക്കുന്ന ഉഷയുടെ മൂത്രസ‍ഞ്ചിയില്‍ മുറിവെന്ന് ബന്ധു ജോയ്സി. ശസ്ത്രക്രിയക്കിടെ വയറ്റില്‍ മറന്നുവച്ച കത്രിക ദ്രവിച്ച് ഒടിഞ്ഞ നിലയിലായിരുന്നു. കത്രികകൊണ്ടാണ് മുറിവുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജോയ്സി പറഞ്ഞു. ചികില്‍സാപ്പിഴവിന് ഉത്തരവാദി  ഡോക്ടര്‍ ലളിതാംബികയെന്നും കുടുംബം ആരോപിച്ചു. Also Read: ഡോ.ഷാഹിദയ്ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; ഡോക്ടറെ രക്ഷിക്കാന്‍ നീക്കമെന്ന് നഴ്സുമാരുടെ സംഘടന


അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഷ ജോസഫിനെ ഇന്ന് വാർഡിലേക്ക് മാറ്റും. ശനിയാഴ്ച നടത്തിയ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തിരുന്നു. നിലവിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്ന ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അമ്പലപ്പുഴ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ തൊണ്ടിമുതലായ കത്രിക പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് ചികിത്സയില്‍ കഴിയുന്ന ഉഷാ ജോസഫിനെ  എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സന്ദർശിച്ചു. അഞ്ചുവർഷക്കാലം വയറ്റിൽ കത്രികയുമായി കഴിഞ്ഞ ഉഷയുടെ മാനസികാവസ്ഥ അതീവ ഗുരുതരമാണെന്നും അമൃത ആശുപത്രിയിലെ ചികിത്സയിൽ അവർക്ക് ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷണ കമ്മിറ്റികൾ എന്നത് സംഭവത്തെ വെള്ളപൂശാനായി ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം സർക്കാരിനെ വിമർശിച്ചു. ആരും കുറ്റക്കാരല്ലെന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ അംഗീകരിക്കാനാവില്ലെന്നും, ഉത്തരവാദികൾ ആരുമില്ലെങ്കിൽ പിന്നെ ഉഷ തന്നെയാണോ ഇതിന് ഉത്തരവാദിയെന്നും കെസി ചോദിച്ചു. ആലപ്പുഴയിലടക്കം പ്രഖ്യാപിച്ച നിരവധി അന്വേഷണ കമ്മീഷനുകളുടെ അവസ്ഥയും ഇതുതന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ഉയര്‍ന്ന ചികില്‍സാപ്പിഴവ് വിവാദത്തിന് പിന്നാലെ ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ നിര്‍ദേശം. പ്രിന്‍സിപ്പല്‍സര്‍ക്കുലര്‍ ഇറക്കി. നഴ്സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കണമെന്ന് സര്‍ക്കുലര്‍.

ENGLISH SUMMARY:

Medical negligence in Kerala, specifically at Vandanam Medical College, has led to a patient suffering due to a surgical error where a pair of surgical scissors was left inside her abdomen for five years. The incident has sparked outrage and calls for government compensation and accountability.