usha-joseph-medical-negligence-1

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ ഡോക്ടറെ രക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ രംഗത്ത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്നുവെച്ച സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി.  Also Read: 5 വർഷം 47 പരാതികൾ; സിസ്റ്റത്തെ പഴിച്ച് മന്ത്രി; നീതി തേടി ഇരകള്‍; തുടരുന്ന വീഴ്ചകള്‍ 

'അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്, നഴ്സിന്റെ മാത്രം കുറ്റമായി ഇതിനെ ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ജനറൽ സെക്രട്ടറി അനസ് ഷാജഹാൻ പറഞ്ഞു. ശസ്ത്രക്രിയയുടെ പ്രധാന ഉത്തരവാദിത്തം ഡോക്ടർക്കാണെന്നും നഴ്സിനെ മാത്രം കുറ്റപ്പെടുത്തുന്നത് ലോജിക് ഇല്ലാത്ത കാര്യമാണെന്നും സംഘടന ആരോപിക്കുന്നു. കോവിഡ് കാലത്തെ പരിമിതികൾ ചൂണ്ടിക്കാട്ടി ഡോക്ടറെ വെള്ളപൂശാനാണ് റിപ്പോർട്ടിലെ ശ്രമമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നഴ്സസ് യൂണിയൻ അറിയിച്ചു.

അതേസമയം, വണ്ടാനം മെഡിക്കൽ കോളജിൽ രോഗിയുടെ  വയറ്റിൽ കത്രിക വച്ച്  തുന്നിക്കെട്ടിയ ഡോക്ടർ ഷാഹിദയ്ക്ക് ഒരു വീഴ്ചയുമില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഡോക്ടർ നടപടി ക്രമങ്ങളെല്ലാം പാലിച്ചു. തുന്നൽ ഇടുന്നതിനുമുമ്പ് ഉപകരണങ്ങളെല്ലാം പുറത്തെടുത്തോ എന്ന് നഴ്സ് ധന്യയോട്  ചോദിച്ചെന്നും എടുത്തെന്ന് മറുപടി കിട്ടിയ ശേഷം തുന്നലിട്ടെന്നുമാണ് റിപ്പോർട്ടിലുള്ളത്.

ഉഷ ജോസഫിന്റെ ശസ്ത്രക്രിയയ്ക്ക് വയർ തുറന്ന ശേഷം ധന്യയ്ക്ക് അടുത്ത ടേബിളിലെ ശസ്ത്രക്രിയയ്ക്കും സഹായിക്കേണ്ടി വന്നു. കോവിഡ് കൂടി നിൽക്കുന്ന സമയത്ത് ജീവനക്കാരുടെ അഭാവത്തിൽ നടന്ന ശസ്ത്രക്രിയയാണ്. പിപിഇ കിറ്റിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾക്കിടയിൽ നടന്ന ശസ്ത്രക്രിയ ആണെന്നും അന്വേഷണസംഘം വിലയിരുത്തി. 

ഡോക്ടറെ ന്യായീകരിച്ച് അന്വേഷണ സംഘവും നഴ്സിനെ ന്യായീകരിച്ച് നഴ്സുമാരുടെ സംഘടനയും രംഗത്ത് വരുമ്പോൾ ഉഷയുടെ അഞ്ചു വർഷത്തെ  ദുരിതത്തിന് ആര് ഉത്തരം പറയുമെന്ന ചോദ്യമാണ് ബാക്കി 

ENGLISH SUMMARY:

The Kerala Government Nurses Union has alleged that authorities are trying to protect the doctor involved in a surgical error at Vandanam Medical College. The union stated that they cannot accept the expert committee report which claims that the doctor had no lapse in the incident where a pair of scissors was left inside a patient’s abdomen during surgery.