gulveer-singh

 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ചരിത്രനേട്ടം. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്ങിന് വെള്ളി മെഡൽ. ഈ ഇനത്തിൽ കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. കനത്ത മഴയെ അതിജീവിച്ചായിരുന്നു ഗുൽവീറിന്റെ നേട്ടം. ദൂരയോട്ടത്തിലെ ലോകോത്തര ശക്തികളായ കെനിയ, ഉഗാണ്ട താരങ്ങളെ പിന്നിലാക്കിയാണ് ഗുൽവീറിന്റെ വെള്ളിത്തിളക്കം. അവസാന ലാപ്പുകളിലെ മിന്നുന്ന പ്രകടനമാണ് ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ ഗുല്‍വീറിനെ ചരിത്രനേട്ടത്തിലെത്തിച്ചത്. ഓസ്ട്രേലിയയുടെ കൈ റോബിൻസൺ സ്വര്‍ണം നേടി.

അതേസമയം, ഭാരോദ്വഹനത്തിലും ഇന്ത്യയ്ക്ക് വീണ്ടും മെഡൽത്തിളക്കം. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ഹർജീന്ദർ കൗർ വെള്ളി മെഡൽ കരസ്ഥമാക്കി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും ഗെയിംസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. സ്നാച്ചിൽ 101 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 126 കിലോയും ഉയർത്തി, ആകെ 227 കിലോ ഭാരമാണ് ഹര്‍ജീന്ദര്‍ ഉയർത്തിയത്. എന്നാൽ, എല്ലാ വിഭാഗങ്ങളിലും ഗെയിംസ് റെക്കോർഡ് ഭേദിച്ച കാനഡയുടെ ഷാർലറ്റ് സിമോണോ സ്വർണം നേടി. ഇതോടെ ഗെയിംസിലെ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് ഏഴ് മെഡലുകളായി.

കൂടാതെ ബോക്സിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മെ‍ഡലുറപ്പിക്കുന്നുണ്ട്. ജാദുമണി സിങ്, പ്രിയ ഘൻഘാസ്, പ്രീതി പവാർ എന്നിവർ സെമിയിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 55 കിലോ വിഭാഗത്തിൽ ജാദുമണി സിങ്, സാംബിയയുടെ മ്വെംഗോ മ്വാലെയ്ക്കെതിരെ ഏകകണ്ഠമായ വിജയം നേടി. വനിതകളുടെ 60 കിലോ വിഭാഗത്തിൽ ഏഷ്യൻ ചാംപ്യനായ പ്രിയ ഘൻഘാസ് സ്കോട്ടിഷ് താരം നിയാം മിച്ചലിനെയാണ് ക്വാർട്ടർ ഫൈനലിൽ ഇടിച്ചുവീഴ്ത്തിയത്. 54 കിലോ വിഭാഗത്തിൽ പ്രീതി പവാർ, നോർത്തേൺ അയർലൻഡിന്റെ നിക്കോൾ ക്ലൈഡിനെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി. നിലവിൽ രണ്ട് സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകളുമായി ഇന്ത്യ ഒൻപതാം സ്ഥാനത്താണ്.

ENGLISH SUMMARY:

India achieved historic milestones at the Commonwealth Games, highlighted by Gulveer Singh winning a historic silver medal in the men's 10,000-meter run—marking India's first-ever medal in this specific event despite challenging rainy conditions and competition from global powerhouses like Kenya and Uganda. Meanwhile, Harjinder Kaur added to India's silver tally by securing second place in the women's 69 kg weightlifting event, breaking Games records in both the snatch and clean and jerk categories with a total lift of 227 kg. Additionally, Indian boxers Jadumani Singh, Priya Ghanghas, and Preeti Pawar advanced to the semi-finals following impressive victories in their respective weight classes. With these stellar performances, India currently holds the ninth position in the medal standings with a total of 12 medals, comprising two golds, seven silvers, and three bronzes.