പാതയോരത്ത് പൂക്കളുടെയും ഫലവൃക്ഷങ്ങളുടെയും സുന്ദര കാഴ്ച ഒരുക്കുന്ന ഒരു ഇടമുണ്ട് വയനാട്ടില്‍. വള്ളിയൂ​ര്‍കാവ് ക്ഷേത്രത്തിന് അടുത്തുള്ള റോഡിന് ഇരുവശവുമാണ് ഈ പച്ചപ്പിന്‍റെ കാഴ്ച. ഒരുകൂട്ടം നാട്ടുകാര്‍ ചേര്‍ന്നുള്ള ജനകീയ കൂട്ടായ്മയാണ് നട്ടും നനച്ചും റോഡരുകിലെ പൂന്തോട്ടം യാഥാര്‍ഥ്യമാക്കിയത്.

റോസപ്പൂവ്, ചെണ്ടുമല്ലി, ജമന്തി അങ്ങനെ എല്ലാ പൂക്കളുമുണ്ട്. ഒരു റോ‍ഡിന് ഇരുവശവുമായി ഒരുക്കിയ പച്ചപ്പിന്‍റെ വര്‍ണങ്ങളുടെ കാഴ്ചയാണിത്. കൂടെ പപ്പായയും പേരയും ഉള്‍പ്പെടുന്ന ഫലവൃക്ഷങ്ങളും ഉണ്ട്. മാനന്തവാടിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വള്ളിയൂര്‍കാവ് ക്ഷേത്രം എത്തും മുന്‍പായി ഏതാണ്ട് അര കിലോമീറ്ററോളം ദൂരം ഈ കാഴ്ചകള്‍ കാണാം.

ഒരുകൂട്ടം നാട്ടുകാരാണ് ഈ പച്ചപ്പിന് പിന്നില്‍. റോഡ് സൗന്ദര്യവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ഏതാണ്ട് പതിനഞ്ചോളം വരുന്ന നാട്ടുകാരുടെ കൂട്ടായ്മയാണ് ഈ പൂന്തോട്ടം യാഥാര്‍ഥ്യമാക്കിയത്. വെറുതെ തൈകള്‍ നട്ട് പിന്‍മാറുകയല്ല. രണ്ട് വര്‍ഷമായി നനച്ചും വളമിട്ടും ഇവര്‍ ഇതിനെ പരിപാലിക്കുന്നു. നഗരസഭയെയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളെയോ കാത്തിരിക്കാതെ ഒരു നാടിനെ മനോഹരമാക്കാന്‍ ഇറങ്ങി പുറപ്പെട്ട ഒരുകൂട്ടം ആളുകള്‍. വള്ളിയൂര്‍കാവ് ക്ഷേത്രം വരെ ചെടികള്‍ വച്ചുപിടിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. റോഡിന്‍റെ വശങ്ങളില്‍ ചെടികള്‍വച്ച് മനോഹരമാക്കിയ ബത്തേരി നഗരം പോലെ മാനന്തവാടിയിലും പച്ചപ്പ് വിരിയിക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ.