വയനാട് പയ്യമ്പള്ളിയിൽ നാൽവർ സംഘവും കാക്കയും തമ്മിൽ ഒരു ശീതയുദ്ധം നടക്കുകയാണ്! യുദ്ധം എന്നാൽ ചില്ലറ യുദ്ധമല്ല; ഹെൽമറ്റും കുടയും കവണയുമൊക്കെയായി 'സായുധരായി' മാത്രമേ ഈ നാലുപേർക്ക് വീടിനു പുറത്തിറങ്ങാൻ കഴിയൂ. തലയ്ക്കു മീതെ പാറിപ്പറക്കുന്ന കാക്കയുടെയും കുട ചൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത മനുഷ്യരുടെയും വേറിട്ട കഥയിലേക്ക്...
സുഹൃത്തുക്കളായ നാലുപേരുടെ ഉറക്കം കെടുത്തുന്ന ഈ 'ഡിറ്റക്ടീവ്' കാക്കയാണ് ഇപ്പോൾ നാട്ടിലെ താരം. ബേബി, ജോർജ്, തോമസ്, ജോളി എന്നിവർ പുറത്തിറങ്ങിയാൽപ്പിന്നെ കാക്കയുടെ വക എയർ സ്‌ട്രൈക്ക് ഉറപ്പാണ്. ഏതു നിമിഷവും മുകളിൽ നിന്നുള്ള ഒരാക്രമണം പേടിച്ച് ഹെൽമെറ്റും കുടയും കവണയുമൊക്കെയായി സദാ സായുധരായിട്ടാണ് ഇവരുടെ നടപ്പ്. കൂട്ടത്തിൽ ബേബിയെ പിന്തുടർന്ന് വേട്ടയാടുന്നതാണ് കാക്കയുടെ ക്രൂരവിനോദം.
പണ്ടെന്നോ ഷോക്കേറ്റ ഒരു കാക്കയെ രക്ഷിക്കാൻ നോക്കിയതാണോ അതോ വല്ല തെറ്റിദ്ധാരണയുമാണോ ഈ പടപ്പുറപ്പാടിന് പിന്നിലെന്ന് ബേബിക്ക് ഒരെത്തുംപിടിയുമില്ല. വഴി നടക്കുമ്പോഴും കൃഷിയിടത്തിൽ പണിയുമ്പോഴും തരം കിട്ടിയാൽ തലയ്ക്കൊരു കൊത്ത് ഉറപ്പ്! എല്ലാവർക്കും പറയാൻ ഓരോരോ കഥയുമുണ്ട്.
ഈ അപൂർവ ഭയവും അതിനായുള്ള 'ചരിത്രപ്രധാനമായ പ്രതിരോധവും' പയ്യമ്പള്ളിക്കാർക്ക് ഇപ്പോൾ ഒരു വലിയ വിനോദമാണ്. സദാസമയവും ആകാശത്തേയ്ക്കു കണ്ണുനട്ട് ജീവിക്കുന്ന ഈ നാലുപേരുടെയും നടയടി എന്നായിരിക്കും കാക്ക അവസാനിക്കുക? അതിനു കാക്ക മലർന്നുപറക്കേണ്ടി വരുമോ? എന്തായാലും, 'കാക്ക പറന്നിങ്ങാത്ത മാനവും നോക്കി' ഇവർക്ക് കൈവീശി പയ്യമ്പള്ളിയിൽ എത്രയും വേഗം നല്ലനടപ്പ് തുടരാനാകട്ടെ...