സ്കൂളുകളിൽ സുരക്ഷിത കെട്ടിടങ്ങളും, അടിസ്ഥാന പഠന സൗകര്യങ്ങളുമെല്ലാം കിഫ്ബി ഫണ്ട് വിനിയോഗത്തിലൂടെ വികസനം യാഥാർഥ്യമാക്കി വിദ്യാഭ്യാസ വകുപ്പ്. അഞ്ച് വർഷത്തിനിടെ അയ്യായിരം കോടിയുടെ വികസനമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾ തോൽക്കുന്ന മട്ടിലുള്ള സൗകര്യങ്ങളും, മാതൃകാ നിർമാണങ്ങളുമാണ് സ്കൂളുകളിൽ വിസ്മയം തീർത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി മനോരമ ന്യൂസിനോട്.
കളിച്ചും ചിരിച്ചും പരസ്പരം ചേർത്ത് പിടിച്ചും സ്നേഹം പങ്കിടണം. പഠിച്ച് മുന്നേറി അറിവിൻ്റെ പടവേറി സകലരും അഭിമാനത്തോടെ പറയുന്നവരുടെ പട്ടികയിലെ പേരുകാരാവണം. അവർക്കുള്ള ഊർജം നിറയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ. സ്വയം തൊഴിൽ പരിശീലനം സ്കൂളിൽ നിന്നാവുമ്പോൾ ഭാവി സുരക്ഷിതമാവും.
ആധുനിക സൗകര്യങ്ങളുള്ള പഠനവഴികൾ പ്രാപ്തമായതോടെ അധ്യാപകരുടെ മികവും അടയാളപ്പെടുത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങളും സൗഹൃദാന്തരീക്ഷവും ഏറുമ്പോൾ വിദ്യാർഥികൾക്കും ഹരമാണ്. കേരളം പണ്ടേയ്ക്ക് പണ്ടേ അസൂയാവഹമായി നേടിയ മികവുകളിൽ എണ്ണം പറഞ്ഞ നേട്ടങ്ങളുമായി തല ഉയർത്തുകയാണ് പഠന മേഖലയും.