സമൂഹമനസാക്ഷിയെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ വിധി വന്ന് 67 ദിവസമായിട്ടും സംസ്ഥാന സർക്കാർ അപ്പീൽ നൽകിയില്ല. ക്രൂരകൃത്യം നടന്നിട്ട് ഇന്ന് ഒൻപത് വർഷം പൂർത്തിയാകുമ്പോഴാണ് അതിജീവിതയ്ക്ക് ആശ്വാസമാകേണ്ട നടപടി അതിവേഗത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുന്നത്.
2017 ഫെബ്രുവരി 17. തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത് ഞെട്ടലോടെയാണ് ഓരോരുത്തരും കേട്ടത്. തുടർന്നിങ്ങോട്ട് നീതിക്കു വേണ്ടിയുള്ള പോരാട്ടം. സാംസ്കാരിക സിനിമ മേഖലയിൽ കേസ് ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. WCCയുടെ ഉദയവും, ഹേമ കമ്മിറ്റി റിപ്പോർട്ടുമൊക്കെ സിനിമ മേഖലയിൽ കോളിളക്കമുണ്ടാക്കി. 'അവൾക്കൊപ്പം' എന്ന മുദ്രാവാക്യവുമായി സാംസ്കാരിക കേരളം അതിജീവിതയ്ക്ക് ശക്തമായ പിന്തുണ നൽകി.
എട്ടുവർഷം നീണ്ട വിചാരണക്കൊടുവിൽ ഇക്കഴിഞ്ഞ ഡിസംബർ 8ന് വിധിയെത്തി. ഡിസംബർ 12ന് ശിക്ഷാവിധിയും പ്രഖ്യാപിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേർക്ക് 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകി എന്നാരോപിക്കപ്പെട്ട നടൻ ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
ഗൂഢാലോചന കുറ്റം തെളിയിക്കാനാവാത്തതിലെ നിരാശ പ്രോസിക്യൂഷനും അതിജീവിതയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 'നിയമത്തിന്‍റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി'യെന്നായിരുന്നു അതിജീവിത പ്രതികരിച്ചത്. വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്നായിരുന്നു സർക്കാരിന്‍റെ പ്രതികരണം. എന്നാൽ 67 ദിവസമായിട്ടും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടില്ല. അതേസമയം കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ഹൈക്കോടതിയെ ആഴ്ചകൾക്കുള്ളിൽ സമീപിച്ചിരുന്നു.
അതേസമയം, കേസുണ്ടായി ഒന്‍പത് വർഷമാകുമ്പോൾ അതിജീവിത സംഭവദിവസം തന്നെ പരാതി നൽകിയതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് വൈകിട്ട് WCC മെഴുകുതിരി തെളിക്കും. തിരുവനന്തപുരം മാനവീയം വീഥി, കൊച്ചി മറൈൻഡ്രൈവിലെ അബ്ദുൽ കലാം മാർഗ്, കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജ് എന്നിവിടങ്ങളിൽ വൈകിട്ട് ആറിന് മെഴുകുതിരി തെളിയിച്ചാണ് ഒത്തുചേരൽ. അവൾക്കൊപ്പം എന്ന ടാഗ് ലൈനോടെ WCCയും രൂപീകൃതമായി ഒന്‍പത് വർഷമാകുമ്പോഴാണ് പരിപാടി ഒരുങ്ങുന്നത്.