അരുണും ഷെറിനും ലോകമാനവികതയുടെ മാതൃകയാണെന്നും, ദൈവത്തിന്റെ ഹിതം ലോകത്ത് നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. 

'ഞാൻ ഇന്ന് രണ്ട് ദൈവ മക്കളെ കണ്ടു. പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ വേർപാടിന്റെ വിങ്ങുന്ന ഹൃദയവുമായി നിൽക്കുമ്പോഴും അഞ്ചുപേർക്ക് പുതുജീവൻ നൽകാൻ വേണ്ടി ആ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുക എന്നുള്ള ഏറ്റവും ബോൾഡ് ആയ ഡിസിഷൻ എടുത്തവർ. അരുണും അതുപോലെതന്നെ ഷെറിനും. ആൽറിന്റെ മാതാപിതാക്കൾ. ഇവർക്ക് ദൈവം എല്ലാ കൃപാവരങ്ങളും ചൊരിഞ്ഞു നൽകട്ടെ. ഇന്ന് ആൽറിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഈ വേദന താങ്ങാൻ അവർക്ക് സാധിക്കട്ടെ'. – അബിന്‍ വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ആൽറിന്റെ പിതാവ് അരുണ്‍ പറഞ്ഞ വാക്കുകളും അബിന്‍ വര്‍ക്കി പോസ്റ്റിന്‍റെ ആദ്യഭാഗത്ത് പങ്കുവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്. 

" ചേട്ടാ ഞാൻ എന്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും എന്റെ അവയവങ്ങൾ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അതെനിക്ക് നേരത്തെ സാധിച്ചു "  . 

അവയവദാനത്തില്‍ പുതുചരിത്രംകുറിച്ചുകൊണ്ടാണ് പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തത്. ആലിന്‍ ഷെറിന്‍ എബ്രഹാം നാലുപേര്‍ക്ക് ജീവനേകിയാണ് കടന്നുപോകുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയിലും കുടുംബം അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു.  

നെയ്യാറ്റിന്‍‌കരയിലെ പത്തുവയസുകാരി ശ്രേയയ്ക്കാണ് വൃക്കകള്‍ മാറ്റിവയ്ക്കുന്നത്. ഒരുവര്‍ഷമായി ഡയാലിസിസ് നടത്തിവരികയായിരുന്നു ശ്രേയ. നെയ്യാറ്റിന്‍കര സ്വദേശികളായ ഷാജി–ഹരിത ദമ്പതികളുടെ മകളാണ് ശ്രേയ. ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഷാജിയും ഹരിതയും മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Organ donation by baby Aalin Sherin is an inspiring story of humanity, where her parents, Arun and Sherin, selflessly donated their ten-month-old child's organs to save five lives. This act of immense courage and generosity, even amidst profound grief, has set a new benchmark for organ donation in Kerala.