ആശസമരത്തെ അനുകൂലിച്ചതിന്‍റെ പേരില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് അനീതിയെന്ന് നടനും സിപിഎം സഹയാത്രികനുമായ പ്രേംകുമാര്‍. സാമാന്യമര്യാദ തന്നോട് ഉണ്ടായില്ലെന്നും മാന്യമായ യാത്രയയപ്പോ പിരിഞ്ഞുപോകാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കവി സച്ചിദാനന്ദനുമായി താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും എന്നാല്‍ ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും കേരളത്തിലെ രണ്ട് സുപ്രധാന സാംസ്കാരിക സ്ഥാപനങ്ങളെന്ന് കണക്കാക്കുമ്പോള്‍ രണ്ടിന്‍റെയും ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നവരോട് രണ്ട് തരത്തിലുള്ള പെരുമാറ്റം ഉണ്ടായെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രേം കുമാര്‍ പറഞ്ഞതിനങ്ങനെ: 'സംസ്ഥാനത്ത് വലിയൊരു സാംസ്കാരിക സംഗമം നടക്കുമ്പോള്‍ സെക്രട്ടറിയേറ്റ് നടയില്‍ ആശ വര്‍ക്കേഴ്സ് സമരം ചെയ്യുകയാണ്. ആ സമരത്തിന്‍റെ രാഷ്ട്രീയം എന്ത് തന്നെയായാലും പൊതുസമൂഹത്തെ അക്കാര്യം പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ വിഷയം പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് സദുദ്ദേശത്തോടെയാണ് പറഞ്ഞത്. പോസിറ്റീവായി കാണേണ്ട അഭിപ്രായം മാത്രമായിരുന്നു അത്. അത് പ്രകടിപ്പിച്ചതിന്‍റെ പേരിലാണ് പുറത്താക്കിയത്. എന്ത് അടിയന്തര സാഹചര്യമാണ് അതല്ലാതെ ഉണ്ടായതെന്ന് എനിക്കറിയില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. പുറത്താക്കിയതും മാറ്റിയതുമെല്ലാം സര്‍ക്കാരിന്‍റെ വിവേചനാധികാരത്തില്‍പ്പെടുന്നതാണ്. അതില്‍ അഭിപ്രായം പറയാനില്ല. പിരിഞ്ഞുപോകുമ്പോള്‍ കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോട് നന്ദി പറയാനുള്ള അവസരം പോലും എനിക്ക് തന്നില്ല. മാന്യമായ യാത്രയയപ്പ് തന്നില്ലെന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. വീട്ടില്‍ ജോലിക്ക് വരുന്ന ഒരാളോട് പോലും സാമാന്യ മര്യാദ അനുസരിച്ചാണ് നമ്മള്‍ പെരുമാറുന്നത്. എന്‍റെ കാര്യത്തില്‍ ആ സാമാന്യ മര്യാദപോലും പാലിക്കപ്പെട്ടില്ല.
സച്ചിദാനന്ദന്‍ മാഷുമായി താരതമ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. കേരളത്തിലെ രണ്ട് പ്രധാന സാംസ്കാരിക സ്ഥാപനങ്ങളാണ് ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും. രണ്ടിന്‍റെയും ചെയര്‍മാന്‍ സ്ഥാനത്തെന്ന താരതമ്യം മാത്രമേയുള്ളൂ. അവിടെ പ്രതികരിച്ചതിന്‍റെ പേരില്‍ ഒരാള്‍ പുറത്താവുകയും മറ്റൊരാള്‍ ആ സ്ഥാനത്ത് തുടരുകയും ചെയ്യുകയാണ്. എനിക്ക് തോന്നുന്നത് മാഷിന് എന്തോ വലിയ അദ്ഭുത സിദ്ധി, അമാനുഷിക സിദ്ധിയുണ്ടെന്നാണ് . അദ്ദേഹം ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. അതില്‍ എനിക്ക് അഭിപ്രായമില്ല. പക്ഷേ അവിടെയൊരു നീതി നിഷേധം, ഇരട്ട നീതി പോലെ കാണിച്ചുവെന്ന് എനിക്ക് തോന്നുന്നുണ്ട്. അത് എന്തെങ്കിലും വിധേയത്വമാണോ എന്നറിയില്ലെ'ന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ഭരണം ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു സച്ചിദാനന്ദന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഉപരി വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്സിസത്തിന് ചേരില്ലെന്നും ശബ്ദമില്ലാത്തവരെ കേള്‍ക്കുന്നതാണ് ജനാധിപത്യമെന്നും അതാണ് മുന്നോട്ടുള്ള വഴിയെന്നും അദ്ദേഹം കുറിച്ചിരുന്നു. സൈബര്‍ ആക്രമണമുണ്ടായതോടെ വിര്‍ച്വല്‍ മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്ന ആള്‍ക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് വീണ്ടും മറുപടി നല്‍കി.