കുംഭമാസ പൂജയ്ക്ക് ശബരിമലയ്ക്ക് പോകാൻ എത്തിയ തീർഥാടകർക്ക് നിലയ്ക്കലിൽ കഴിയേണ്ടി വന്നത് വൃത്തിഹീനമായ വിരിപ്പന്തലിൽ. വിരിപ്പന്തലിന്‍റെ മുന്നിലെ തുറന്ന ഓടയിൽ ഗോശാലയിലെ ചത്ത പശുവും.
കുംഭമാസ പൂജയ്ക്ക് നട തുറന്നത് ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ്. ഇന്നലെ രാവിലെ മുതൽ തന്നെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് അടക്കം തീർഥാടകർ നിറഞ്ഞുതുടങ്ങി. രണ്ട് വിരിപ്പന്തലിലും നിറയെ ചാണകം. അതിനിടയിൽ ഇരുന്നായിരുന്നു പാചകവും കെട്ടുനിറയ്ക്കലും. മുന്നിൽ വൃത്തിഹീനമായി തുറന്നു കിടക്കുന്ന ഓട. അതിനുള്ളിൽ പെട്ട് കുടുങ്ങി ചത്തുപോയ ഗോശാലയിലെ പശുവും. രണ്ടുദിവസം മുൻപാണ് ഇത് ചത്തതെന്നാണ് വിവരം. ഇതുമാത്രമല്ല, നിറയെ പരാതികളുണ്ട്.
മണ്ഡലകാലത്ത് നടത്തുന്ന ഒരുക്കങ്ങളൊന്നും തന്നെ മാസപൂജാ കാലത്ത് വേണ്ടവിധത്തിൽ ചെയ്യാത്തതാണ് വൃത്തി ഇല്ലായ്മയുടെ കാരണം . സമീപത്തെ മറ്റൊരു വിരിപ്പന്തലിന്റെ മുന്നിലും നിറയെ മാലിന്യം. വിരിപ്പന്തലിൽ ഫാനുകൾ ഇല്ല തുടങ്ങി ഒട്ടേറെ പരാതികളാണ് തീർഥാടകർ പങ്കുവെച്ചത്.