ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിനും ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസില്‍ ജയില്‍മോചിതനാകുന്ന അഞ്ചാമനാണ് എന്‍.വാസു. ദ്വാരപാലക സ്വര്‍ണാപഹരണക്കേസില്‍ മൂന്നാം പ്രതിയും ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി സ്വര്‍ണാപഹണകേസില്‍ അഞ്ചാം പ്രതിയുമാണ് എന്‍.വാസു .
Also Read: ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോര്‍ഡിന് നഷ്ടം മൂന്നുകോടി 40 ലക്ഷം രൂപ
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീക്ക് താല്‍ക്കാലിക ആശ്വാസം. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത് നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സുപ്രീം കോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ജയശ്രീ ഹാജരാവുകയും ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ പ്രതി ജ്വല്ലറി ഉടമ ഗോവർദ്ധന്റെ ജാമ്യപേക്ഷ ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു
കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. എസ് ജയശ്രീയെയും ചെന്നൈയിലെ സ്വർണക്കടയിലെ ജീവനക്കാരനായ കൽപേഷിനെയും ഇ.ഡി ചോദ്യം ചെയ്യും. ഇരുവരോടും തിങ്കളാഴ്ച്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നൽകി.