വി.എസ് അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ. സുരേഷിനെ  മലമ്പുഴയില്‍  മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. നേതാക്കള്‍ സമീപിച്ചെന്ന് സുരേഷ് സ്ഥിരീകരിച്ചു.  എന്നാല്‍ കോണ്‍ഗ്രസിന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും,  താന്‍ ഇപ്പോഴും ഇടതുപക്ഷ അനുഭാവി തന്നെയെന്നും സുരേഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

 

തന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിട്ട് പത്തു വര്‍ഷത്തിലേറെയായി. എന്തിനായിരുന്നു ആ നടപടിയെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. നേതൃത്വത്തിന് നാല് അപ്പീലുകള്‍ നല്‍കിയിട്ടുണ്ട്. മൂന്നെണ്ണം സംസ്ഥാന നേതൃത്വത്തിനും ഒരെണ്ണം ജില്ലാ നേതൃത്വത്തിനുമാണ് നല്‍കിയത്. എന്നാല്‍ ഇതിലൊന്നും മറുപടി കിട്ടിയിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനം രാജ്യത്തും കേരളത്തിലും വേണമെന്ന അഭിപ്രായക്കാരനാണ് താന്‍. എല്ലാ പാര്‍ട്ടി നേതാക്കളുമായി സൗഹൃദമുണ്ട്. അതുകൊണ്ടാകും കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു സംസാരിച്ചതെന്നും സുരേഷ് മാധ്യമങ്ങളോടു വിശദീകരിച്ചു.