രണ്ടാംമന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ അയഞ്ഞ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി മാത്രം. കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ്. എന്നാല്‍ ജലവിഭവ വകുപ്പും മറ്റൊരു ചെറിയ വകുപ്പും വേണമെന്ന് ജോസഫ്. ചീഫ് വിപ്പ് സ്ഥാനവും സ്വീകരിക്കും. ജലവിഭവ വകുപ്പ് ആര്‍‌എസ്പിക്കാണ് വാഗ്ദാനം ചെയ്തിരുന്നത്. തൊഴില്‍വകുപ്പ് വേണ്ട, വാഗ്ദാനം ചെയ്ത ജലവിഭവ വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് ആര്‍എസ്പി.

അതേസമയം, വി.ഡി.സതീശൻ മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകുമെന്ന് ഉടന്‍ അറിയാം. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധന, തുറമുഖ വകുപ്പുകള്‍ വഹിച്ചേക്കും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും സണ്ണി ജോസഫിന് റവന്യു വകുപ്പും ലഭിച്ചേക്കും. ആരോഗ്യം കെ.മുരളീധരനും എക്സൈസ് എം.ലിജുവിനും ലഭിക്കുമെന്നാണ് സൂചന. എ.പി.അനില്‍ കുമാറിന് ടൂറിസം നല്‍കിയേക്കും. ചാണ്ടി ഉമ്മന് കായികമോ യുവജനക്ഷേമമോ ലഭിച്ചേക്കും. ഗതാഗതം സി.പി.ജോണിന് നല്‍കിയേക്കും. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമായേക്കും. വയനാട്ടില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് ടി.സിദ്ദിഖോ ഐ.സി.ബാലകൃഷ്ണനോ എന്നതില്‍ തീരുമാനമായില്ല. ഇൗ വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും. വയനാടിന് മന്ത്രിയുണ്ടോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.സിദ്ദിഖ് പ്രതികരിച്ചു. മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഐ.സി ബാലകൃഷ്ണന്റെ പ്രതികരണം. 

അതേസമയം, അഞ്ചാം മന്ത്രിസ്ഥാനത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി മന്ത്രിമാരുടെ പട്ടിക ലീഗ്  മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി,  എന്‍.ഷംസുദ്ദീന്‍, വി.ഇ.അബ്ദുല്‍ ഗഫൂര്‍, പി.കെ. ബഷീര്‍ എന്നിവര്‍ മന്ത്രിമാര്‍ എന്നാണ് സൂചന. എന്നാല്‍ പാറക്കല്‍ അബ്ദുല്ലയെ മന്ത്രിയാക്കത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്.

ENGLISH SUMMARY:

In a major breakthrough for the UDF alliance, the Kerala Congress (Joseph) faction has compromised on its demand, settling for a single ministerial berth alongside the Chief Whip post. While the Congress offered Agriculture, the Joseph faction is pushing for the Water Resources department, a portfolio originally promised to the RSP. Meanwhile, the tentative structure of the VD Satheesan cabinet indicates that the Chief Minister will hold Finance and Ports, while senior leader Ramesh Chennithala will take charge of Home and Vigilance. Other likely allocations include Sunny Joseph for Revenue, K Muraleedharan for Health, and Chandy Oommen for Sports or Youth Affairs. Concurrently, the IUML has submitted its official ministerial list to Satheesan, while the selection for the Wayanad ministerial representative between T Siddique and IC Balakrishnan has been referred to the high command, with Priyanka Gandhi’s input expected to be decisive.