Photo by Barakah Nuclear Power Plant / AFP
അബുദാബി അൽ ദഫ്രയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററില്‍ തീപിടുത്തമുണ്ടായി. ഇന്ന് ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും ഉടനടി സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
ആണവ നിലയത്തിന്‍റെ സുരക്ഷയെയോ പ്രവർത്തനത്തെയോ തീപിടുത്തം ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) അറിയിച്ചു. പ്ലാന്റിലെ എല്ലാ അവശ്യ സംവിധാനങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും എല്ലാ യൂണിറ്റുകളും തടസ്സങ്ങളില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എഫ്എഎന്‍ആര്‍ പറഞ്ഞു. നിലയത്തിന്‍റെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ നാല് APR1400 ആണവ റിയാക്ടറുകളാണ് ബറാക്ക ആണവനിലയത്തിലുള്ളത്.