സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന ഇടത് സഹയാത്രികരായ സാഹിത്യകാരന്മാരുടെ അഭിപ്രായ പ്രകടനത്തില്‍ വിമര്‍ശനവുമായി എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. 'തോൽപ്പിച്ചും തകർത്തും ഇടതുപക്ഷത്തെ സഹായിക്കാൻ ശ്രമിക്കുന്നവർ' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ അശോകന്‍ ചെരുവില്‍ വിമര്‍ശകരെ വിശേഷിപ്പിച്ചത്. ഭരണം മാറിമാറി വരുന്നതാണ് കേരളത്തിന് നല്ലതെന്നും ഇല്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും എന്നുമാണ് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍ പറഞ്ഞത്. അധികാരത്തിനായി ഏത് പിശാചിനേയും ഇടതുപക്ഷം കൂട്ടുപിടിക്കുമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി നശിക്കുന്നത് പാര്‍ട്ടി ഏകാധിപത്യം മൂലമെന്നുമായിരുന്നു സാറാ ജോസഫിന്‍റെ പ്രതികരണം.
"സി.പി.ഐ.എമ്മിനേയും കോൺഗ്രസ്സിനേയും ഒന്നിച്ചു രക്ഷിക്കാൻ" ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന വാദഗതി ആദ്യം മുന്നോട്ടു വെച്ച പണ്ഡിതൻ ശ്രീ.എം.എൻ.കാരശ്ശേരിയാണെന്ന് അശോകന്‍ ചെരുവില്‍ പറഞ്ഞു. തുടർച്ചയായ അധികാരം കൊണ്ട് സി.പി.എം. തകരും എന്നാണ് അദ്ദേഹത്തിൻ്റെ "ഭയം". യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരേണ്ടതിൻ്റെ കാരണമായി അദ്ദേഹം പറയുന്നത് "ഇത്തവണയും ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസ്സുകാർ ഒന്നാകെ ബി.ജെ.പി.യിൽ ചേരും" എന്നുള്ളതാണ്. ഓർക്കേണ്ട ഒരു സംഗതി കാരശ്ശേരി മാഷ് ഈ വാദം 2021ലും ഉന്നയിച്ചിരുന്നു എന്നതാണ്. എന്നാൽ വോട്ടർമാർ സി.പി.എമ്മിനോട് അദ്ദേഹത്തിനുള്ളത്ര "സ്നേഹം" പ്രകടിപ്പിച്ചില്ല. ആ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവന്ന് "നശിപ്പിക്കാനും" അങ്ങനെ നാടിനെ രക്ഷിക്കാനുമാണ് അവർ തീരുമാനിച്ചതെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.
'ഇപ്പോൾ പ്രിയപ്പെട്ടവരായ സച്ചിദാനന്ദൻ മാഷും സാറാ (ജോസഫ്) ടീച്ചറും കാരശ്ശേരി മാഷെ പിന്തുടർന്നിരിക്കുന്നു. സച്ചിമാഷടെ വാദം ഏറെ കൗതുകമായി തോന്നി. പ്രതിപക്ഷമാണ് ജനാധിപത്യത്തിൽ പ്രധാനം. അവിടത്തെ ശൂന്യത നികത്താൻ കൂടുതൽ ഉത്തരവാദിഞ്ഞതുളളവരായ ഇടതുപക്ഷം അങ്ങോട്ട് മാറിയിരിക്കണം!
ചിലഘട്ടങ്ങളിൽ "രക്ഷിക്കാനും" ചിലഘട്ടങ്ങളിൽ "നശിപ്പിക്കാനും" വേണ്ടി ഇടതുപക്ഷത്തെ, പ്രത്യേകിച്ചും അതിനകത്തെ കമ്യൂണിസ്റ്റ് പാർട്ടികളെ വിമർശിച്ച ചരിത്രമാണ് ഈ വലിയ എഴുത്തുകാർക്കുള്ളത്. കാരശേരിമാഷും സാറടീച്ചറും തൊപ്പിവെച്ചിട്ടാണ് രംഗത്തിറങ്ങിയതെങ്കിൽ അതിനു മുൻപേ തന്നെ തോക്കുപിടിച്ച് ഇറങ്ങിയ ചരിത്രമാണ് സച്ചി മാഷ്ക്കുള്ളത്. എന്നാൽ ഇങ്ങനെ വിമർശിക്കുന്ന ഇവർ ഇടതുപക്ഷത്തിന് അന്യരാണോ? ഒരിക്കലുമല്ല. രണ്ടു കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമത്തേത് ഇവർ പ്രതിഭാശാലികളായ എഴുത്തുകാർ ആണെന്നതു തന്നെ. രണ്ടാമത്തേത് ഇടതുപക്ഷത്തെ വിമർശിക്കുന്ന മറ്റു ചില സാഹിത്യനായകന്മാരെപ്പോലെ ഇവർ രാഷ്ട്രീയ ഹിന്ദുത്വപക്ഷത്തോട് അനുഭാവം പുലർത്തുന്നില്ല. സംഘപരിവാർ ഭീകരതയെ എതിർക്കാനും തള്ളിപ്പറയാനും ഇടതുപക്ഷത്തോടൊപ്പം തയ്യാറാവുന്നു. ഇത് ഇക്കാലത്ത് വളരെ പ്രധാനപെട്ട സംഗതിയാണ്.
രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന ഹിന്ദു മതരാഷ്ട്രവാദത്തേയും തങ്ങളുടെ ആവശ്യത്തിനു വേണ്ടി അവർ പോഷിപ്പിച്ച് സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഇതര മതതീവ്രവാദങ്ങളേയും തള്ളിപ്പറയാൻ തയ്യാറാവുന്നവര്‍ക്ക്, അവർ സാംസ്കാരികനായകരായാലും മത, സമുദായനേതാക്കളായാലും വലിയ പ്രസക്തിയാണ് ഇന്നുള്ളത്.
ഈ നായകരുടെ ഉള്ളിലെ കമ്യൂണിസ്റ്റ് വിരോധം, സ്ത്രീവിരുദ്ധത, പ്രാമാണിത്വം, പ്രൊഫഷണലിസത്തിൻ്റെ ഭാഗമായ നിഷ്പക്ഷതാനാട്യം തുടങ്ങിയ വിഷയങ്ങൾ ഈ സന്ദർഭത്തിൽ അത്ര പ്രസക്തമായി ഇടതുപക്ഷത്തിന് കാണാനാവില്ല. കേരളത്തിൽ നടന്ന സാമൂഹ്യപരിവർത്തന പ്രക്രിയയിൽ പ്രിവിലേജ് നഷ്ടപ്പെട്ടതിൻ്റെ ഗൃഹാതുരസങ്കടത്തിൽ അഭിരമിക്കുന്ന നിരവധി പേർ സാംസ്കാരികരംഗത്തുണ്ട്. അവരിൽ പലരും അതിൻ്റെ പക ഇടതുപക്ഷത്തോടാണ് പുലർത്തിക്കാണിക്കുന്നത്. എന്നാൽ സംഘപരിവാറിനെതിരെ നിലപാടെടുക്കുന്ന പക്ഷം അവരെ അകറ്റി നിർത്താൻ ഇടതുപക്ഷത്തിനാവില്ല.
ഇടതുപക്ഷത്തെ നിരന്തരം വിമർശിക്കുന്ന സാംസ്കാരികനായകർക്ക് എന്തുകൊണ്ട് പുരസ്കാരം നൽകുന്നു, എന്തിന് അവർക്ക് അക്കാദമി സ്ഥാനങ്ങൾ നൽകുന്നു എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. ഇടതുപക്ഷ പുരോഗമനപ്രസ്ഥാനം എഴുത്തുകാരെ ആദരിക്കുന്നത് അവരുടെ പ്രത്യക്ഷ രാഷ്ട്രീയാഭിപ്രായങ്ങളെ മുൻനിർത്തിയല്ല. സർഗ്ഗാത്മക സംഭാവനകളിലൂടെ അവർ മുന്നോട്ടു വെക്കുന്ന മാനവികതയെ പരിഗണിച്ചാണ്. പ്രത്യക്ഷമായ രാഷ്ട്രീയാഭിപ്രായങ്ങൾ പല സാഹചര്യങ്ങളിൽ ഉണ്ടാവുന്നതാണ്. ഓരോരുത്തരുടെയും വ്യക്തിപരമായ അനുഭവങ്ങൾ, വർഗ്ഗ - വംശ പാരമ്പര്യങ്ങൾ, പ്രകോപനങ്ങൾ, പ്രൊഫഷണലിസത്തിൻ്റെ ഭാഗമായ നിഷ്പക്ഷനാട്യം എന്നിവയൊക്കെ അതിനു കാരണമാവാം. അവയല്ല കൃതികളിലൂടെ എഴുത്തുകാർ മുന്നോട്ടുവെക്കുന്ന മാനവികതയാണ് പ്രധാനമെന്ന് ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനമായ പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂരിൽ വെച്ച് 1992 ൽ പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. ആദരണീയരായ എഴുത്തുകാരെ അക്കാദമി ഭാരവാഹികളായി നിയോഗിക്കുമ്പോഴും, അവർക്ക് ബഹുമതികൾ നൽകുമ്പോഴും അവരുടെ വായ്മൂടിക്കെട്ടുംവിധമുള്ള ഒരു നീക്കവും ഇടതുപക്ഷം നടത്തുക പതിവില്ല. രാഷ്ട്രീയവിമർശനങ്ങൾ ഉന്നയിക്കുമ്പോൾ സംവാദാത്മകമായി അതിന് കൃത്യമായ മറുപടി പറയുമെന്ന് മാത്രം. ഇത് ഒരു ഇടതുപക്ഷ സാംസ്കാരിക നയമാണ്.
എന്നാൽ ഈ നയമല്ല യു.ഡി.എഫിന് ഉള്ളത് എന്ന് അവർ തെളിയിച്ചിട്ടുണ്ട്. അഴിമതിയെ വിമർശിച്ച അക്കാദമി വൈസ് പ്രസിഡണ്ട് ബാലചന്ദ്രൻ വടക്കേടത്തിനെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അച്ചടക്ക നടപടി എടുത്ത് പുറത്താക്കുകയാണുണ്ടായത്. അദ്ദേഹം അക്കാദമിക്കു മുന്നിൽ അന്ന് സത്യഗ്രഹം നടത്തി. 1984 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ വക്കം പുരുഷോത്തമനും സുശീല ഗോപാലനുമാണ് മത്സരിച്ചത്. വ്യക്തിബന്ധത്തിൻ്റെ പേരിൽ അന്ന് തകഴി ശിവശങ്കരപ്പിള്ള വക്കത്തിനു വേണ്ടി സംസാരിച്ചു. അന്ന് പി.ജി. പറഞ്ഞ വാക്കുകളാണ് ഓർമ്മയിൽ വരുന്നത്. "തെരഞ്ഞെടുപ്പുരാഷ്ടിയത്തിലെ തകഴിയുടെ ഭരണവർഗ്ഗനിലപാടിനെ ഞങ്ങൾ ശക്തിയായി എതിർക്കുന്നു. പക്ഷേ അദ്ദേഹത്തിൻ്റെ കൃതികളുടെ മഹത്വം ഞങ്ങൾ ഉദ്ഘോഷിക്കുക തന്നെ ചെയ്യും,' അശോകന്‍ ചെരുവിലിന്‍റെ വാക്കുകള്‍.